kallikkad

കാട്ടാക്കട: തോരാതെ പെയ്യുന്ന മഴയിൽ മലയോര ഗ്രാമങ്ങളിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. പല സ്ഥങ്ങളിലും വീടുകൾക്കും ചെറിയതോതിൽ നാശനഷ്ടമുണ്ടായി.

പേപ്പാറ-നെയ്യാർഡാമുകൾ തുറന്നതോടെ കരമനയാറും നെയ്യാറും കരകവിഞ്ഞൊഴുകി. ഇതോടെ ഈ നദികളുടെ കരയിലുള്ള താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി.

ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം കല്ലുപാലം തോട് കരകവിഞ്ഞൊഴുകി. തേരിവാരുകുന്ന്, മീനാങ്കൽ, കരിപ്പാലം,കൊക്കോട്ടേല, ഈഞ്ചപ്പുരി,ചെറുമഞ്ചൽ, ഇരിഞ്ചൽ,ചൂഴ മഞ്ചിറ ഏല, ഇറവൂർ ഏലാകളിൽ വെള്ളം കയറി. പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ വാലൂക്കോണം,തോളൂർ, മഞ്ചംമൂല,പുതുക്കുളങ്ങര,പരുത്തിക്കുഴി,പുലിയൂർ,പൊങ്ങല്ലി പ്രദേശങ്ങളിലും വെള്ളനാട് പഞ്ചായത്തിലെ ചാങ്ങ, കൂവക്കുടി, പാറയ്ക്കര, കൊങ്ങണം, മുണ്ടേല, കൊണ്ണിയൂർ, ഉറിയാക്കോട്, കുതിരകുളം, വെളിയന്നൂർ ഏലാകളിലും വെള്ളം കയറി.

കുറ്റിച്ചൽ പഞ്ചായത്തിലെ നിലമ, പരുത്തിപ്പള്ളി, പേഴുംമൂട്, ഉത്തരംകോട്, കോട്ടൂർ, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും തോടുകൾ കരകവിഞ്ഞു.

കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാർഡാമിന് സമീപം അനിൽകുമാറിന്റെ വീടിന്റെ മുന്നിലുണ്ടായിരുന്ന കിണർ ഇടിഞ്ഞുതാണു. മുളളിലവിൻമൂട് പൂച്ചക്കണ്ണി വയൽ വെള്ളക്കെട്ട് പൊതു ജനങ്ങൾക്ക് ഭീഷണിയാകുന്നു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാറിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. മൂഴി-കല്ലംപൊറ്റ റോഡിലും മണ്ഡപത്തിൻ കടവ് റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇവിടേയും ഗ്രാമ പഞ്ചായത്തിന്റെ ഇടപെടൽ കാരണം വെള്ളം തുറന്നുവിട്ടു ഗതാഗതം പുനഃസ്ഥാപിച്ചു.