deviya

വക്കം: വെള്ളക്കെട്ടിന് നടുവിൽ ദുരിതജീവിതം നയിച്ച് ഒൻപത് അംഗങ്ങളുള്ള നിർദ്ധന കുടുംബം. മേൽക്കടയ്ക്കാവൂർ വയൽതിട്ട വീട്ടിൽ രാധാമണിയുടെ വീടാണ് തോരാമഴയിൽ വെള്ളത്തിന് നടുവിലായത്. ഇവിടെ താമസിക്കുന്നവരിൽ മൂന്നുപേർ പത്തുവയസിൽ താഴെയുള്ളവരാണ്. മഴ വീണ്ടും തുടർന്നാൽ വീട്ടിനുള്ളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന വീടിന് ഇത് ദോഷം ചെയ്യുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.

തൊഴിലുറപ്പു ജോലിയും കൂലിപ്പണിയുമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. 2002ൽ അവദിച്ച മിച്ചഭൂമിയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അറ്റകുറ്റപ്പണിക്കായി നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. മഴ ശക്തമായാൽ കുട്ടികളെയും തങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ട് എങ്ങേട്ടുപോകുമെന്ന ആശങ്കയിലാണിവർ.

സമീപത്തെ പഴഞ്ചിറയിൽ നിന്നും വരുന്ന വെള്ളത്തെ കൃഷി ആവശ്യങ്ങൾക്കു വേണ്ടി വഴിതിരിച്ചു വിടാൻ നിർമ്മിച്ച ബണ്ട് തകർന്നതിനാലാണ് ഇവിടെ വെള്ളം കയറാൻ കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. ഈ പ്രദേശത്തെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.