വർക്കല: കലിതുള്ളി പെയ്യുന്ന പെരുമഴയിൽ വർക്കല മേഖലയിൽ വ്യാപകനാശം. നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് ഗതാഗതം തടസപ്പെട്ടു. തീരദേശമേഖലയിലും വ്യാപകനാശമുണ്ടായി. കടൽ പ്രക്ഷുബ്ദമായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശങ്കയിലാണ്.
വർക്കല മുണ്ടയിൽ തോപ്പുവിള റാണി ഭവനിൽ ബാബുവിന്റെ വീട് മഴയിൽ തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് സംഭവം. ബാബുവും ഭാര്യ ജിഷയും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഉറക്കമുണർന്ന ഇവർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ഓടും ഷീറ്റും പാകിയ വീടിന്റെ മുൻവശവും രണ്ടുമുറികളുടെ മേൽക്കൂരയും ചുമരുകളും അടുക്കളയുമാണ് തകർന്നത്.
അയന്തി പാലത്തിനു സമീപം മരണവീട്ടിലെത്തിയവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചടയമംഗലം പോരേടം വടക്കത്തിൽ ഹൗസിൽ റബീന (44), റാഷിദ്( 27), അനസ്(20), നബിമ (17) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാലത്തിന് സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം. തെന്നിമാറിയ കാർ ഒരു ഭാഗത്തേക്ക് ചരിഞ്ഞാണ് നിന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സെത്തി ജെ.സി.ബി ഉപയോഗിച്ച് വാഹനം പൂർവസ്ഥിതിയിൽ ആക്കിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
മേൽവെട്ടൂർ-അകത്തുമുറി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ വലച്ചു.വർക്കല നഗരസഭയിലെ ജവഹർ പാർക്കിനു സമീപം പുന്നമൂട് റോഡിലെ വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നു. പാപനാശം തീരമേഖലയിൽ കടൽ പ്രഷുബ്ദമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കുടിലുകളിലേക്ക് ശക്തമായ തിരമാല അടിച്ചു കയറുന്നുണ്ട്.
ഇടവ ഗ്രാമപഞ്ചായത്തിലെ തോട്ടുമുഖം ചരുവിള വീട്ടിൽ ലളിത യുടെ വീട് ഭാഗികമായി തകർന്നു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർത്ഥ കുളത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട് .ജലം ഒഴുക്കിവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇടവ പ്രസ് മുക്ക്, കുരയ്ക്കണ്ണി, തൊടുവെ റോഡ്, കൊച്ചുപാരിപ്പള്ളി റോഡ്, ക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ വൃക്ഷശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു ഗതാഗത തടസമുണ്ടായി.നാട്ടുകാരുടെ സഹായത്തോടെയാണ് തടസങ്ങൾ നീക്കം ചെയ്തത്.