വെള്ളറട: വെള്ളക്കെട്ടിൽ വീണ ബൈക്ക് യാത്രികൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു. കൂതാളി-പന്നിമല റോഡിൽ കരിപ്പുവാലിക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. വെട്ടുകുറ്റി സ്വദേശി വി.എം. ഷിബുവാണ് ബൈക്കുമായി മുട്ടൊപ്പമുള്ള വെള്ളത്തിൽ വീണത്. ഇയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ
അതുവഴി വന്നവർ ശ്രമിച്ചെങ്കിലും തയ്യാറായില്ല. പ്രതിഷേധവുമായി ഇയാൾ റോഡിൽ തന്നെ കിടക്കുകയായിരുന്നു. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷിബു വഴങ്ങിയില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. വെള്ളറട എസ്.എച്ച്.ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
മഴപെയ്താൽ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. മുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒലിച്ചുപോകാതെ കെട്ടിനിൽക്കുന്നതാണ് ഇതിന് കാരണം. റോഡിന് ഇരുവശവുമുള്ള താമസക്കാർ വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനായി കെട്ടിയിരുന്ന ബണ്ട് പൊലീസിന്റെ നേതൃത്വത്തിൽ പൊളിച്ചാണ് വെള്ളക്കെട്ടിന് താത്കാലിക പരിഹാരമൊരുക്കിയത്.