general

ബാലരാമപുരം: കനത്ത മഴയിൽ പള്ളിച്ചൽ പഞ്ചായത്ത് കുളങ്ങരക്കോണം സ്റ്റേഡിയത്തിനോട് ചേർന്നുള്ള മതിൽക്കെട്ട് തകർന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിലാണ് നാശനഷ്ടമുണ്ടായത്. കാണികൾക്ക് ഇരിപ്പിടവും സിന്തറ്റിക്ക് ട്രാക്കും ഹൈമാസ്റ്റ് ലൈറ്റും ഉൾപ്പെടെയാണ് ഇവിടെ നിർമ്മിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നില്ലെന്നും നിർമ്മാണ പ്രവൃത്തികൾ അശാസ്ത്രീയമാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

നിർമ്മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയ്, മണ്ഡലം പ്രസിഡന്റ് നരുവാമൂട് രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. അമ്പിളി, കുളങ്ങരക്കോണം വിജയൻ, ബിജോയ്, ഷിബു എന്നിവർ പറഞ്ഞു.