pic1

നാഗർകോവിൽ: ശക്തമായ മഴ ഇന്നലെയും തുടർന്നതോടെ കന്യാകുമാരി ജില്ലയിൽ വ്യാപകനാശം. 25 ഗ്രാമങ്ങളിൽ വെള്ളം കയറി. വിവിധ സ്ഥലങ്ങളിലായി അഞ്ചുവീടുകൾ തകർന്നു. മലവെള്ള പാച്ചലിൽ ഒരാളെ കാണാതായി. മാറാമല തോട്ടത്തിലെ തൊഴിലാളിയായ വാഴവയൽ സ്വദേശി ചിത്തിരവേലിനെയാണ് (55) ഒഴുക്കിൽപ്പെട്ട് കാണാതായത്. ജോലി കഴിഞ്ഞു വരുമ്പോൾ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കീരിപ്പാറ ഒത്തക്കട ചപ്പാത്ത് പാലം കടക്കുമ്പോൾ കുത്തിയൊലിച്ചുവന്ന മലവെള്ളത്തിൽ പാലം തകരുകയും ചിത്തിരവേൽ ഒഴുക്കിൽപ്പെടുകയുമായിരുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പത്ത് ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ ഇരുന്നൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. പാർത്ഥിവപുരം, അഞ്ചാലിക്കടവ്, പൈങ്കുളം, മുഞ്ചിറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടാണ് രൂപംകൊണ്ടത്.

അണക്കെട്ടുകളിൽ നിന്ന് ഇപ്പോഴും വെള്ളം തുറന്നുവിടുന്നുണ്ടെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിലേക്ക് വരുന്ന വെള്ളത്തിന്റെ അളവും ഗണ്യമായി കുറഞ്ഞു. ഇതോടെ പേച്ചിപ്പാറ, പെരുഞ്ചാണി, ചിറ്റാർ അണക്കെട്ടുകളിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു.