bjp

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിച്ച സംഭവത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടു. നഗരസഭാ ഹാളിൽ നികുതി വെട്ടിപ്പിനെതിരെ 19 ദിവസമായി ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു അദ്ദേഹം. 26 ലക്ഷം രൂപയുടെ ഗുരുതരമായ വെട്ടിപ്പ് കണ്ടെത്തിയ സംഭത്തിൽ കുറ്റക്കാരെ അറസ്റ്റുചെയ്യാത്തതിനു പിന്നിൽ മറ്റു പല കാര്യങ്ങളും പുറത്തുവരുമെന്നതിന്റെ ഭയമാകാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപനും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ചേർന്ന് സ്വീകരിച്ചു. സമരത്തിലുള്ള കൗൺസിലർമാർക്കുള്ള ഭക്ഷണം പുറത്തുനിന്നാണെന്ന് അറിഞ്ഞ സുരേഷ് ഗോപി നാളത്തെ ഉച്ചഭക്ഷണം തന്റെ വകയാണെന്ന് കൗൺസിലർമാരെ അറിയിച്ചു.

പ്രതീകാത്മക അഴിമതി ബാധയെ

ഒഴിപ്പിക്കുന്ന സമരം ചെയ്ത് യു.ഡി.എഫ്

യു.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയെ പിടികൂടിയിരിക്കുന്ന അഴിമതിബാധയെ പ്രതീകാത്മകമായി ഒഴിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചു. കെട്ടിട നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ വേദിയിലാണ് ബാധ ഒഴിപ്പിക്കൽ സംഘടിപ്പിച്ചത്. ഒഴിപ്പിക്കൽ ചടങ്ങിനൊടുവിൽ പൂജാരി നടത്തിയ ഫലപ്രവചനത്തിൽ നഗരസഭയെ പിടികൂടിയിരിക്കുന്ന ബാധയ്ക്ക് 40 വർഷത്തെ പഴക്കമുണ്ടെന്നും ഇടതുഭരണം ഒഴിഞ്ഞാലേ ബാധയും ഒഴിഞ്ഞുപോകൂവെന്നും പറഞ്ഞു. അഞ്ചാം ദിവസത്തെ സമരം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി.കെ. വേണുഗോപാൽ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരി പുഷ്പം, സെറാഫിൻ ഫ്രെഡി, ഓമന, വനജ രാജേന്ദ്രബാബു, നേതാക്കളായ പാളയം ഉദയകുമാർ, ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, ഡി. അനിൽ കുമാർ, എസ്. ഉദയലക്ഷ്മി, റോബിൻ ജോസഫ് എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് ഘടകകക്ഷികൾ നഗരസഭ കവാടത്തിൽ നാളെ മുതൽ ധർണ നടത്തും.

സി.ബി.ഐ അന്വേഷിക്കണം. ബി.ജെ.പി

പട്ടികജാതി ഫണ്ട് തിരിമറിയും വീട്ടുകരം വെട്ടിപ്പും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പാലിക്കുന്ന മൗനം ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. സാധാരണക്കാരെയും പട്ടികജാതി ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളിലെ അന്വേഷണത്തെപ്പോലും അട്ടിമറിക്കുന്ന ഭരണ - ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ടിനെ നിയമത്തിന് മുന്നിലെത്തിക്കാൻ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.