നെടുമങ്ങാട്: മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ദുരിതത്തിലായവർക്ക് അടിയന്തര സഹായത്തിനായി ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. മഴക്കെടുതി നാശംവിതച്ച കരുപ്പൂര്, കാവുംമൂല, കടൂകോണം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം നെടുമങ്ങാട് താലൂക്ക് ഓഫീസിൽ റവന്യു ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണ് നീക്കം ചെയ്യുന്നതിനും അപായഭീതി പരത്തുന്ന മരങ്ങൾ മുറിച്ചുനീക്കാനും അടിയന്തര നടപടി വേണം. വില്ലേജ് ഓഫീസർമാർ ഇക്കാര്യം പരിശോധിച്ച് എം.എൽ.എമാരെയും തഹസീൽദാരെയും അറിയിക്കണം. അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ബന്ധുവീടുകളിലോ ക്യാമ്പുകളിലോ താമസ സൗകര്യം ഒരുക്കണം. വീട് നഷ്ടപ്പെട്ടവർക്കും മറ്റും എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.