1

പൂവാർ: കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ നെയ്യാർ തീരത്തെ ആൾക്കാരെ മാറ്റി പാർപ്പിച്ചു. ഇതിനായി പൂവാർ, തിരുപുറം പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൂവാർ ബണ്ടിൽ നിന്നും 8 കുടുംബങ്ങൾ പൂവാർ ഗവ.എൽ.പി സ്കൂളിലും,തിരുപുറം കാലുമുഖം വാർഡിൽ നിന്നും 25 കുടുംബങ്ങൾ തിരുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നെയ്യാർ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം. വെള്ളം കയറിയ പൂവാർ ബണ്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.തിരുപുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ,വൈസ് പ്രസിഡൻ്റ് തിരുപുറം സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്.