വിതുര: കല്ലാറിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് തടയിടുന്നതിനായി പൊലീസും വനപാലകരും കിണഞ്ഞ് പരിശ്രമിച്ചിട്ടും അപകടങ്ങൾക്ക് യാതോരുകുറവും ഇതുവരെയില്ല. പൊൻമുടിയിൽ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെങ്കിലും ധാരാളംപേർ സന്ദർശനത്തിനായി എത്തുന്നുണ്ട്. ഇവരെ കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിൽ വെച്ച് വനപാലകർ മടക്കി അയക്കുകയാണ് പതിവ്. കഴിഞ്ഞ മാസം 12ന് പോത്തൻകോട് നന്നാട്ടുകാവ് തയ്ക്കാപ്പള്ളിക്ക് സമീപം എം.ജെ. മൻസിലിൽ അബ്ദുൽവാഹീദിന്റെയും ലൈലയുടേയും മകൻ നൗഫൽ (26) കല്ലാറിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചിരുന്നു.

വെമ്പായത്ത് മൊബൈൽഷോപ്പ് നടത്തുന്ന നൗഫലും പതിനാല് സുഹൃത്തുക്കളും പൊന്മുടി സന്ദർശിച്ച് മടങ്ങിവരുന്ന വഴി വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നൗഫലടക്കം മൂന്നുപേർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. രണ്ടുപേരെ നാട്ടുകാരും ടൂറിസ്റ്റുകളും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും നൗഫലിനെ രക്ഷപ്പെടുത്താനായില്ല. സംഭവത്തിന് ശേഷം വിതുര പൊലീസും വനസംരക്ഷണസമിതിയും ചേർന്ന് സഞ്ചാരികളെ സംരക്ഷിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ അപകടമരണങ്ങൾ നടക്കുന്ന കല്ലാർ വട്ടക്കയവും ആഞ്ഞിലിക്കയത്തും സഞ്ചാരികൾക്ക് ഇറങ്ങാൻ കഴിയാത്തവിധം മുള്ളുവേലി സ്ഥാപിച്ചു. ആനപ്പാറയിൽ വനപാലകർ ചെക്ക് പോസ്റ്റും സ്ഥാപിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ പൊൻമുടി-വിതുര സംസ്ഥാനപാതയിൽ പരിശോധനകൾ കർക്കശ്ശമാക്കി, എന്നാൽ ചിറക്കൽ കൈമനത്തുനിന്നും പൊൻമുടി സന്ദർശിക്കാനെത്തിയ നാലംഗസംഘത്തിൽ പെട്ട അഭിലാഷ് (24) കല്ലാർ നെല്ലിക്കുന്ന് കടവിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചതോടെ നിയന്ത്രണങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. കല്ലാർ നദിയിൽ മുങ്ങിമരിക്കുന്നവരുടെ പട്ടിക അനന്തമായി നീളുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോൾ അവരുടെ കണ്ണുവെട്ടിച്ച് അപകടമേഖലയിൽ ഇറങ്ങുന്നത് അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. യുവാക്കളാണ് ഇതിലേറെയും. ആഴം തിരിച്ചറിയാനാകാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. കല്ലാറിൽ ഏറ്റവും കൂടുതൽ മുങ്ങിമരണം നടന്നത് വട്ടക്കയത്തിലാണ്. കാൽനൂറ്റാണ്ടിനിടയിൽ നൂറിൽ പരം പേരുടെ ജീവനാണ് കല്ലാർ കവർന്നെടുത്തത്.