തലശ്ശേരി: മാഹി-തലശ്ശേരി ബൈപാസ് നിർമാണത്തിലെ അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനവും അതിതീവ്ര മഴയും പള്ളൂർ വയൽ, കവിയൂർ, മാങ്ങാട് എന്നിവിടങ്ങളിലും അഴിയൂർ ഗ്രാമപഞ്ചായത്തിലെ 17, 5, 4 വാർഡുകളിലെ ജനങ്ങളെയും ദുരിതത്തിലാക്കി. മാഹി ബൈപാസിൽ നിന്നുള്ള മുഴുവൻ വെള്ളവും ഒഴുകി പോകുന്ന ഡ്രൈനേജ് സംവിധാനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വെള്ളം വന്നതോടെ തോടുകൾ കരകവിഞ്ഞൊഴുകി. പതിനേഴാം വാർഡിലെ ബൈപ്പാസിന് സമീപത്തുള്ള നാലു വീടുകൾ പൂർണമായും വെള്ളത്തിലായി.
പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ഡ്രെയിനേജിലൂടെ വെള്ളം കയറി പാത്തിക്കൽ പാത്തി വരെയുള്ള അഞ്ചാം വാർഡിലെ തോടിന് സമീപത്തുള്ള പത്തോളം വീടുകളിൽ വെള്ളം കയറി. തോട്, മതിൽ എന്നിവ നിലംപതിച്ചു, തെങ്ങുകൾ മുറിഞ്ഞു വീണു. നാലാം വാർഡിലും വെള്ളംകയറിയിട്ടുണ്ട്.
മൂന്നാം വാർഡിൽ ചാരം കയ്യിൽ മാഹിയിൽ നിന്ന് വരുന്ന വെള്ളം തോടുകളിൽ കരകവിഞ്ഞതോടെ ഒമ്പതോളം വീടുകളിൽ വെള്ളം കയറി. മൂന്നു പേരെ മാറ്റിപ്പാർപ്പിച്ചു. മതിൽ, കുടിവെള്ള പദ്ധതിയുടെ മോട്ടോർ എന്നിവ തകരാറിലായി. പൂഴിത്തലയിൽ കീരി തോട്ടിൽ വെള്ളം കയറിയത് തീരദേശത്തെ വീടുകൾക്ക് ഭീഷണിയായി.
തോടുകളിൽ നിന്ന് കടലിലേക്ക് പോകുന്ന ഭാഗത്ത് മണൽത്തിട്ട രൂപപ്പെട്ടു. 2,16, 18 വാർഡുകളിലും മഴക്കെടുതി ഉണ്ടായിട്ടുണ്ട്. അഞ്ചാം വാർഡിൽ ഒരു വീട്ടിന് വിള്ളലും ഉണ്ടായിട്ടുണ്ട്. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി. റെനീഷ് കുമാർ എന്നിവർ സന്ദർശിച്ചു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. താത്ക്കാലികമായി ഉണ്ടായ വെള്ളക്കെട്ട് പ്രാദേശികമായി ഒഴിവാക്കുവാൻ വാർഡ് മെമ്പർമാർ നേതൃത്വം നൽകി. ഡ്രൈനേജിലെ അപാകത പരിഹരിക്കുവാൻ മാഹി ബൈപാസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റമറ്റ ഡ്രെയിനേജ് സിസ്റ്റം ഉണ്ടായാൽ മാത്രമേ ഭാവിയിൽ ഇതു പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.