തിരുവനന്തപുരം:കനത്തമഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മദ്ധ്യകേരളത്തിൽ കനത്ത നാശം വിതച്ചപ്പോഴും കാലിടറാതെ പിടിച്ചുനിന്ന് തലസ്ഥാന നഗരി. മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും തിരുവനന്തപുരം സിറ്റി 'സേഫ് ' ആയിരുന്നു. ഡാമുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായെങ്കിലും പൊഴികൾ മുറിഞ്ഞുകിടന്നതടക്കം നഗരത്തിൽ കനത്ത വെള്ളപ്പൊക്കമുണ്ടാകാതെ തടയുന്നതിന് സഹായകമായി.
ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. നഗരസഭാ പരിധിയിലെ 26 വാർഡുകളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങി. നേമം, കിഴക്കേകോട്ട, ആറ്റുകാൽ, മണക്കാട്, കരമന, കാലടി, ജഗതി, പൂജപ്പുര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിവിധ വാർഡുകളിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ നേതൃത്വം നൽകി.
ജനങ്ങൾ സഹകരിക്കണം: മേയർ
വലിയതോതിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. രണ്ടുദിവസത്തേക്കുകൂടി മഴമുന്നറിയിപ്പ് ഉള്ളതിനാൽ ജനം സഹകരിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. നിലവിൽ നഗരസഭാ പരിധിയിൽ ക്യാമ്പുകൾ തുറക്കേണ്ട അവസ്ഥയില്ലെന്നും ശുചീകരണ നടപടികൾ ഉടനാരംഭിക്കുമെന്നും മേയർ അറിയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മഴ നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച വി.കെ. പ്രശാന്ത് എം.എൽ.എ തകർന്ന വീടുകളുടെ പുനർനിർമ്മാണം വേഗത്തിലാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. കടപുഴകിയ വൃക്ഷങ്ങൾ അടിയന്തരമായി നീക്കംചെയ്യാനും നിർദ്ദേശിച്ചു.
വെള്ളക്കെട്ടിന് ശമനം
പേട്ട ഈശാലയം, ഈന്തിവിളാകം, നീലാറ്റിൻകര, കമലേശ്വരം, കുരുക്കുവിളാകം, കരമന ബണ്ട് റോഡ്, കുടപ്പനക്കുന്ന് പരിധിയിലെ വയലിക്കട, ചൂഴമ്പാല, കടകംപള്ളി ഹൈവേയുടെ ഇരുവശങ്ങൾ, ആറ്റുകാൽ ക്ഷേത്രത്തോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ, ഒരുവാതിൽകോട്ട, കരിക്കകം, പേരൂർക്കട ഇടക്കുളം, മുടവൻമുകൾ എസ്.ബി.ഐ ക്വാർട്ടേഴ്സ് പരിസരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് താഴ്ന്നു. മഴയിൽ കടപുഴകിയ മരങ്ങൾ ഫയർഫോഴ്സ് മുറിച്ചുമാറ്റി.
മത്സ്യബന്ധനത്തിന് വിലക്ക്
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുംമുഖം, വെട്ടുകാട്, വേളി എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിലെ അപകടമേഖലയിലുള്ളവർ മാറിത്താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.തൃക്കണ്ണാപുരത്ത് വെള്ളംകയറിയ മുപ്പതിലധികം വീടുകളിലുള്ളവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നേമത്ത് വെളളായണി എം.എൻ എൽ.പി സ്കൂൾ, പൂഴിക്കുന്ന് സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിച്ച 2 ക്യാമ്പുകളിലായി നിലവിൽ 80 പേരുണ്ട്.