കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കായിക്കര ഉടയവിളാകത്ത് മുഖംമൂടി ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീതിയിൽ. ഈ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും മാത്രമായുള്ള വീടുകൾ ലക്ഷ്യമാക്കി രാത്രികാലങ്ങളിലും പുലർച്ചെയോടെയും മുഖംമൂടി ധരിച്ചെത്തുന്നവരുടെ ശല്യം വർദ്ധിച്ചതായാണ് പരാതി.
അഞ്ചുതെങ്ങ് കായിക്കരയിലും സമീപപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചയോടെ പ്രദേശത്തെ ഒരു വീട്ടിൽ മുഖംമൂടി ധരിച്ചൊരാൾ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി പേടിച്ച് നിലവിളിച്ചതോടെ ഇയാൾ മതിൽ ചാടിക്കടന്ന് ഓടിയിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും അഞ്ചുതെങ്ങ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയുമുണ്ടായി.
സമാനമായ ദുരനുഭവം ഈ പ്രദേശത്തെ പല വീടുകളിലും ഇതിന് മുൻപും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് അഞ്ചുതെങ്ങ് പൊലീസിന് നൽകിയിട്ടുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.