agri

കിളിമാനൂർ: കാലം തെറ്റി പെയ്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു. കന്നിക്കൊയ്ത്തിന് പാകമായ ഒന്നാംവിള നെൽവയലുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. ഇതോടെ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത കർഷകർ കടക്കെണിയിലായി.

ഏറെ പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർ നെല്ലും വയ്ക്കോലും കിട്ടാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ചില പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്തു നടന്നത്. ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഴയാണ് കർഷകർക്ക് തിരിച്ചടിയായത്. വെള്ളക്കെട്ടുള്ള വയലുകളിൽ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ ഉപേക്ഷിക്കുകയാണ് പലരും. പാടശേഖരങ്ങളിലും യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത്. മഴയും വെള്ളക്കെട്ടും ഉണ്ടെങ്കിൽ യന്ത്രകൊയ്ത്ത് നടക്കില്ല. ചാഞ്ഞുവീണ നെൽക്കതിരുകളും യന്ത്രത്തിൽ കൊയ്യാനാകില്ല. ഇതിനാൽ ഇക്കുറി നെല്ലുല്പാദനത്തിൽ വൻ ഇടിവുണ്ടാകും.

ഞാറ്റടി പാടങ്ങളിൽ വെള്ളം കയറിയതിനാൽ രണ്ടാം വിള നെൽകൃഷിക്കുള്ള ഞാറ്റടി തയ്യാറാക്കുന്നതും പ്രശ്നമായിരിക്കുകയാണ്. രണ്ടാംവിള നെൽകൃഷി വൈകിയാൽ നെല്ല് കതിരിടുന്ന ഘട്ടത്തിൽ വെള്ളം ലഭിക്കാതാകും.

തുടർന്നുള്ള കൃഷിയും പ്രതിസന്ധിയിലേക്ക്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ന്യൂനമർദ്ദം കാരണം ചിങ്ങം കന്നി മാസങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ഈ മാസങ്ങളിലാണ് നെല്ല് കൊയ്യുന്നതും ഉണക്കുന്നതും. വിത്തിനുള്ള നെല്ല് ശേഖരിക്കുന്നതും ഈ സമയത്താണ്. നെൽകൃഷിയെ തുടർന്നുള്ള പച്ചക്കറി പയർ വർഗങ്ങളുടെ കൃഷിയെയും ഇപ്പോഴത്തെ മഴ ദോഷകരമായി ബാധിക്കും. ഒന്നാം വിളയ്ക്ക് ശേഷം പച്ചക്കറിക്ക് നിലമൊരുക്കേണ്ട വയലുകളിൽ ഇപ്പോഴും വെള്ളം ഒഴിഞ്ഞിട്ടില്ല. രണ്ടാംവിള വൈകിയാൽ അവിടെയും പച്ചക്കറിയും പയർവർഗങ്ങളും കൃഷി ചെയ്യുന്നത് പ്രതിസന്ധിയിലാകും.