കല്ലമ്പലം: ഒറ്റൂർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മാമ്പഴക്കോണം ഏലായിലെ 15 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുന്നതിനായി പാകിയ ഞാറ്റടി നായ്ക്കളെയും പശുവിനെയും ഇറക്കി നശിപ്പിച്ച സംഭവത്തിൽ നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. സംഘം അധികൃതർ അന്നുതന്നെ പൊലീസിലും കൃഷിവകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ 30നാണ് കന്നിക്കൃഷി ഒരുക്കുന്നതിന് പാകിയ 150 കിലോ വിത്ത് നശിപ്പിക്കപ്പെട്ടത്. ഇതോടെ കൃഷി മുടങ്ങി. നേരത്തെയും ഇത്തരത്തിൽ വിത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ വീണ്ടും ഞാറ്റടി പാകി കാവലിനായി സെക്യൂരിറ്റിയേയും ഏർപ്പാട് ചെയ്തിരിക്കുകയാണ്. വർഷങ്ങളായി തരിശുകിടന്ന ഏലാ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് സംഘം ഏറ്രെടുത്ത് കൃഷി ചെയ്യുന്നത്. ഏതാനും വർഷങ്ങളായി മികച്ചവിളവും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് വിത്തിനായുള്ള ഞാറ്റടി സ്ഥിരമായി നശിപ്പിക്കപ്പെടുന്നത്.