കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി കമ്പികൾ കേബിളുകളാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ ലൈനുകൾ നീക്കം ചെയ്യാൻ നടപടികളില്ല. വൈദ്യുത കമ്പികൾ പൊട്ടി വീണുള്ള അപകടങ്ങളും പ്രസരണ നഷ്ടവും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി വിതരണ കമ്പികൾ മാറ്റി കോടികൾ ചെലവഴിച്ച് കേബിളുകൾ സ്ഥാപിക്കാൻ നടപടിയായത്.
ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി കമ്പികൾ മാറ്റി പകരം കേബിൾ സ്ഥാപിക്കുകയായിരുന്നു.
കേബിൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തെ ഗാർഹിക ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ കോടികൾ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയിട്ടും തീരപ്രദേശ മേഖലയിൽ വൈദ്യുതി മുടക്കം പതിവാണ്.
കേന്ദ്ര സർക്കാരിന്റെ സൻസദ് ആദർശ് ഗ്രാം യോജന പദ്ധതിപ്രകാരം അന്നത്തെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എം.പി സമ്പത്ത് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ 2014 ലാണ് ദത്തെടുത്തത്. എന്നാൽ വികസന പദ്ധതികളുടെ പ്രഖ്യാപനം നടന്നത് 2017 ലായിരുന്നു.
ഏകദേശം 9.9 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇത്രയും തുക പദ്ധതിക്കായി ചെലവഴിച്ചെങ്കിലും പഴയ കമ്പികൾ മാറ്റാനുള്ള കാരാർ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിൽ വൈദ്യുതി വിതരണരംഗം നവീകരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോർഡ് വിഭാവനം ചെയ്ത 'ദ്യുതി' പദ്ധതിയിൽ ഉൾപ്പെടുത്തി ഉപയോഗശൂന്യമായ കമ്പികൾ നീക്കം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത് എന്നാൽ ഇതിന് ആവശ്യമായ എസ്റ്റിമേറ്റ് അടക്കമുള്ള ടെൻഡർ നടപടികൾ നാളിതുവരെയും പൂർത്തീകരിക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്.