യു.എസിലെ ലോംഗ് ഐലൻഡിൽ ലീജണേഴ്സ് ഡിസീസ് എന്ന അപൂർവ ന്യുമോണിയൽ രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ബാക്ടീരിയ പരത്തുന്ന ഈ രോഗം ലോംഗ് ഐലൻഡിലെ പത്ത് പേരിൽ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. രോഗം എവിടെ നിന്നാണ് പകരുന്നതെന്ന അന്വേഷണത്തിലാണ് ആരോഗ്യപ്രവർത്തകർ. ലോംഗ് ഐലൻഡ് ഉൾപ്പെടുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് ലീജണേഴ്സ് ഡിസീസ് കേസുകൾ കൂടുന്നതായാണ് റിപ്പോർട്ട്.
നിലവിൽ ലോംഗ് ഐലൻഡിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം ഒരു മൈൽ ചുറ്റളവിനുള്ളിലുള്ള പ്രദേശത്ത് താമസിക്കുന്നവരാണ്. 35 മുതൽ 96 വയസുവരെയുള്ളവർ രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടുന്നതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അറിയിച്ചു. പത്ത് പേരിൽ ഏഴ് പേരുടെ നില തൃപ്തികരമാണ്. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ബാധിച്ച ഒരു വ്യക്തി മരിച്ചതായി അധികൃതർ വ്യക്തമാക്കി.
രോഗികളുമായി സമ്പർക്കത്തിലേർപ്പട്ടവരെ കണ്ടെത്തി പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 10 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ചിലരിൽ ചെറിയ ജലദോഷപ്പനി പോലെ വന്നു പോകുന്ന ലീജണേഴ്സ് ഡിസീസ് ഇത്തരക്കാരിൽ അഞ്ച് ദിവസത്തിനുള്ളിൽ ഭേദമായേക്കാം. എന്നാൽ, കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കിൽ ചിലരിൽ ഇത് ഗുരുതര ന്യുമോണിയയ്ക്ക് കാരണമായേക്കാം.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ലീജണേഴ്സ് ഡിസീസ് ശ്വാസകോശ പ്രശ്നങ്ങൾ മുതൽ വൃക്ക തകാറിന് വരെ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ലീജണേഴ്സ് ഡിസീസിന് പൊതുവെ ചികിത്സ നൽകുന്നത്. 2018ൽ ഏകദേശം 10,000 ലീജണേഴ്സ് ഡിസീസ് കേസുകൾ യു.എസിൽ റിപ്പോർട്ട് ചെയ്തെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക്.
ലീജണേഴ്സ് ഡിസീസ് ( Legionnaires' disease )
രോഗകാരി - ' ലീജനെല്ല ന്യുമോഫില " എന്ന ബാക്ടീരിയ
രോഗകാരി വ്യാപിക്കാനുള്ള അനുകൂല ഘടകങ്ങൾ - 24 മുതൽ 42 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള കെട്ടിക്കിടക്കുന്ന വെള്ളം ലീജനെല്ല ബാക്ടീരിയകൾക്ക് വളരാനും പെരുകാനുമുള്ള അനുയോജ്യ ഘടകമാണ്.
ലക്ഷണങ്ങൾ - ചുമ, പനി, ശ്വാസംമുട്ടൽ, പേശീ വേദന, തലവേദന, വിറയൽ തുടങ്ങിയവ
രോഗവ്യാപനം - ലീജനെല്ല ബാക്ടീരിയ അടങ്ങിയ വായു ശ്വസിക്കുന്നതിലൂടെയും ജലത്തിലൂടെയും പകരുന്നു. മണ്ണിലും ഈ ബാക്ടീരിയകൾ അതിജീവിക്കുന്നു