നെടുമങ്ങാട്: കോരിച്ചൊരിയുന്ന മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായതോടെ മലയോരമേഖലയ്ക്ക് ആശ്വാസം. ചിലസ്ഥലങ്ങളിൽ മാത്രമാണ് ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചത്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി നാടിനൊപ്പം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുപോലെ കൈകോർക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ. നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ തീരങ്ങളിൽ താമസിക്കുന്നവരും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരും തെല്ല് ആശ്വാസത്തിലാണ്. എന്നാൽ വനാന്തർഭാഗങ്ങളിൽ വീണ്ടും മഴപെയ്താൽ ആറുകളിലും തോടുകളിലും ഏതുനിമിഷവും ജലനിരപ്പുയരാമെന്ന സ്ഥിതി ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതുകണക്കിലെടുത്ത് നിതാന്ത ജാഗ്രതയിലാണ് ജനങ്ങൾ.
ബ്രൈമൂർ, പൊന്മുടി, മാർച്ചിസ്റ്റൻ, ബോണക്കാട് തുടങ്ങിയ നെടുമങ്ങാട് താലൂക്കിലെ എസ്റ്റേറ്റ് മേഖലകളിൽ സ്ഥിതി സങ്കീർണമാണ്. ബോണക്കാട്ടും മാർച്ചിസ്റ്റനിലും തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന പത്തിലേറെ ലയങ്ങളുടെ മേൽക്കൂര പേമാരിയിൽ തകർന്നു. ഇവിടെ റവന്യു വകുപ്പിന്റെ ക്യാമ്പ് ഷെഡിലാണ് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ലയങ്ങളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് എസ്റ്റേറ്റ് മാനേജ്‌മെന്റുകളോട് റവന്യു വകുപ്പ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ജീർണാവസ്ഥയിലുള്ള ലയങ്ങളുടെ അവസ്ഥ ആശങ്കയുണർത്തുന്നുണ്ട്.
ക്വാറികളും ആശങ്ക വർദ്ധിപ്പിക്കുന്നു
നെടുമങ്ങാട് നഗരസഭ, വെമ്പായം, അരുവിക്കര, കരകുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ള പാറക്വാറികളുടെ സമീപത്ത് താമസിക്കുന്നവരും ആശങ്കയുടെ നടുവിലാണ്. ക്വാറികളുടെ പ്രവർത്തനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചെങ്കിലും വൻ പാറക്കഷണങ്ങൾ എപ്പോൾ വേണമെങ്കിലും അടർന്നുവീഴാമെന്ന സാഹചര്യമുണ്ട്. മണ്ണിടിച്ചിൽ സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഇവിടങ്ങളിൽ ചുരുക്കം കുടുംബങ്ങളെ മാത്രമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ഊരുകൾ തകർന്നടിഞ്ഞു
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി സങ്കേതങ്ങളുള്ള നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിന് കീഴിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകൾ നിരവധിയാണ്. ഊരുകളിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ട്രൈബൽ പ്രൊമോട്ടർമാരും ഉദ്യോഗസ്ഥരും ഊരുകൾ സന്ദർശിച്ച് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്.
തകർന്നത് 90 വീടുകൾ, അരക്കോടിയുടെ നഷ്ടം
വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ട് പ്രകാരം 90 വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നെന്നാണ് കണക്ക്. ഐ.ടി.ഡി.പിയുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. കുറ്റിച്ചൽ, നന്ദിയോട്, വിതുര, അടപ്പുപാറ, പെരിങ്ങമ്മല ഭാഗങ്ങളിലായി അമ്പതോളം വീടുകൾക്ക് നാശം സംഭവിച്ചതായാണ് പ്രാഥമിക വിവരം. കാർഷിക മേഖലയിലെ നഷ്ടം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
25 വില്ലേജുകളുള്ള നെടുമങ്ങാട് മേഖലയിൽ ആനാട് വില്ലേജിലാണ് കൂടുതൽ വീടുകൾ തകർന്നത്.
വില്ലേജുകളും തകർന്ന വീടുകളും (ഔദ്യോഗിക കണക്ക്)
ആനാട്: 12
പെരിങ്ങമ്മല:08
പാങ്ങോട്:08
അരുവിക്കര:05
കല്ലറ:05
വാമനപുരം:05
വട്ടപ്പാറ:05
മാണിക്കൽ:04
നെടുമങ്ങാട്:04
പുല്ലമ്പാറ:04
തെന്നൂർ:04
തൊളിക്കോട്:04
ഉഴമലയ്ക്കൽ:04
വെള്ളനാട്:03
തേക്കട:03
നെല്ലനാട്:03
കുറുപുഴ:03
ആര്യനാട്:02
പനവൂർ:02
വെമ്പായം:02
വിതുര:01
കരകുളം:01
നഷ്ടപരിഹാരം 6 ലക്ഷം വരെ
ദുരിതബാധിതർക്ക് അടിയന്തര ധനസഹായത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഊർജിത ശ്രമമാണ് നടക്കുന്നത്. പൂർണമായി തകർന്ന വീടുകൾക്ക് 6 ലക്ഷവും ഭാഗികമായി തകർന്നവയ്ക്ക് മുപ്പതിനായിരം മുതൽ മൂന്നു ലക്ഷം വരെയും നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. പുനരധിവാസത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 15 ലക്ഷവും വീടുകളുടെ പുനർനിർമ്മാണത്തിന് 35 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്.