കാസർകോട്: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി.പി.എം ബ്രാഞ്ച് സമ്മേളനം പൂർത്തിയായപ്പോൾ ജില്ലയിൽ 144 പുതിയ ബ്രാഞ്ചുകൾ. സമ്മേളനത്തിന് മുമ്പ് 1731 ബ്രാഞ്ചുകളായിരുന്നുവെങ്കിൽ,ഇപ്പോഴത് 1875 ആയി വർദ്ധിച്ചു. അതിൽ 120 ബ്രാഞ്ചുകളിൽ വനിതകളാണ് സെക്രട്ടറി. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വനിതകൾ ഒരുമിച്ച് നേതൃത്വത്തിൽ വരുന്നത്. 26,120 പാർട്ടി അംഗങ്ങളിൽ 6983 വനിതകളുണ്ട്. സമ്മേളനത്തിന് ശേഷം 506 ബ്രാഞ്ച് സെക്രട്ടറിമാർ 40 വയസിന് താഴെയുള്ളവരാണ്. 854 പേർ ആദ്യമായാണ് ബ്രാഞ്ച് സെക്രട്ടറിമാരാവുന്നത്.

പാർട്ടിയുടെ സംഘടനാ ശേഷി ജില്ലയിൽ വൻതോതിൽ വർദ്ധിക്കുന്നതിന്റെ തെളിവാണിതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പിടിപെട്ടതിനാലും ക്വാറന്റൈനിലായതിനാലും ചില ബ്രാഞ്ചുകളിൽ ഒന്നോ രണ്ടോ പേർ കുറഞ്ഞതൊഴിച്ചാൽ ഭൂരിപക്ഷ സമ്മേളനങ്ങളിലും നൂറ് ശതമാനമായിരുന്നു ഹാജർ നില. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾ സമഗ്രമായി അവലോകനം ചെയ്തു. പ്രസ്ഥാനത്തിന്റെ പുരോഗതിക്കും വ്യാപനത്തിനും ആവശ്യമായ അടവുകൾക്കും നയങ്ങൾക്കും സംഘടനാപരമായ തീരുമാനങ്ങൾക്കും കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് രൂപം കൊടുക്കും. ജില്ലയിലെ സമ്മേളനങ്ങളിൽ നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും നയരൂപീകരണത്തിന് സഹായകരമാവുമെന്നും എം.വി. ബാലകൃഷ്ണൻ പറഞ്ഞു. മടിക്കൈയിൽ ജനുവരി 21 മുതൽ 23വരെയാണ് ജില്ലാ സമ്മേളനം. വാർത്താസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ആർ. ജയാനന്ദയും പങ്കെടുത്തു.

സമ്മേളന ലോഗോ ക്ഷണിച്ചു
കാസർകോട്: ജില്ലാ സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചു. ജനുവരി 21 മുതൽ 23വരെ മടിക്കൈയിലാണ് സമ്മേളനം. 31ന് മുമ്പ്‌ cpmksd@gmail.comഎന്ന മെയിലിൽ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. ഫോൺ: 9746413859.