വിതുര: ആനപ്പാറ വനത്തിൽ മുള മുറിക്കാൻ പോയ ഗൃഹനാഥനെ വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് സംശയം. വിതുര ആനപ്പാറ അവാർഡ് ഗ്രാമം കോളനി സ്വദേശി ബാബുവിനെയാണ് (50) കാണാതായത്. ഞായറാഴ്ച രാവിലെയാണ് ബാബു വനത്തിലേക്ക് പോയത്. രാത്രി വൈകിയും തിരികെ എത്താത്തതിനാൽ ഇന്നലെ രാവിലെ ബന്ധുക്കൾ വിതുര പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിന്റെ വസ്ത്രങ്ങളും ചെരുപ്പും വാമനപുരം നദിയുടെ തലത്തൂതക്കാവ് കടവിൽ നിന്ന് കണ്ടെത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിവിടം. ബാബു ആറ്റിൽ നിന്ന് മീൻപിടിക്കാനും പോകാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. വിതുര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വെളിച്ചക്കുറവുകാരണം നിറുത്തിവച്ച തെരച്ചിൽ ഇന്നും തുടരുമെന്ന് വിതുര എസ്.എച്ച്.ഒ എസ്. ശ്രീജിത്ത് അറിയിച്ചു.