കാലാവസ്ഥാ വ്യതിയാനം ആഗോള കാപ്പി ഉത്പാദനത്തെയും ബാധിച്ചിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ വിവിധ കാപ്പി ഇനങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായാണ് പഠനം. ഈ അവസരത്തിൽ കാപ്പിക്കുരുവിൽ നിന്നല്ലാതെ, സെൽ കൾച്ചറിലൂടെ കാപ്പി ഉത്പാദിപ്പിച്ചിരിക്കുകയാണ് ഫിൻലൻഡിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ.
പോഷക മാദ്ധ്യമങ്ങൾ അടങ്ങിയ ബയോ - റിയാക്ടറുകളിൽ കാപ്പിച്ചെടിയുടെ ഇല ഉപയോഗിച്ച് ഫ്ലോട്ടിംഗ് സെൽ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ കാപ്പി നിർമ്മിക്കുന്ന സുസ്ഥിരമായ ഒരു ബദൽ മാർഗം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫിൻലൻഡിലെ വി.ടി.ടി ടെക്നിക്കൽ റിസേർച്ച് സെന്റർ. ഈ പ്രക്രിയയ്ക്ക് കീടനാശിനികളുടെയൊന്നും ആവശ്യമില്ല. വെള്ളത്തിന്റെ ആവശ്യവും കുറവാണ്. കാപ്പിയ്ക്ക് പുറമേ മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന മറ്റ് ഉത്പന്നങ്ങളും ബദൽ മാർഗത്തിൽ നിർമ്മിച്ചെടുക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ. ലാബിൽ തങ്ങൾ നിർമ്മിച്ചെടുത്ത ' സെല്ലുലാർ കോഫി "യ്ക്ക് ഇതുവരെ സാധാരണ കാപ്പിയെ രുചിയുടെ കാര്യത്തിൽ മറികടക്കാനായിട്ടില്ല.
എന്നാൽ, ഭാവിയിൽ ആഗോള മാർക്കറ്റിൽ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സാദ്ധ്യതകളാണ് ഇവയ്ക്കുള്ളതെന്ന് ഗവേഷകർ പറയുന്നു. ' സാധാരണ കാപ്പിയുമായി ഇവയ്ക്ക് നൂറുശതമാനം സാമ്യം പുലർത്താനായിട്ടില്ല. വിവിധ തരത്തിലുള്ള കാപ്പി ഇനങ്ങളുടെ ഒരു സമ്മിശ്ര രുചിയാണിതിന്. വാണിജ്യ ഉപയോഗത്തിന് പാകത്തിലായിട്ടില്ലെങ്കിലും നിലവിലെ ഘട്ടത്തിൽ ഇവ സാധാരണ കാപ്പിയുമായി സാമ്യം പുലർത്തുന്നവയാണ്. " ഗവേഷകർ വ്യക്തമാക്കി.
ആവശ്യക്കാർ വർദ്ധിച്ചു വരുന്നതിനാൽ കാപ്പി കൃഷിയ്ക്കായി വനങ്ങൾ വെട്ടിനിരത്തി കൃഷി ചെയ്യുന്ന സമ്പ്രാദയം പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ, കാലാവസ്ഥയിലുണ്ടായ വ്യതിയാനം കുറഞ്ഞ താപനിലയിൽ വളരുന്ന കാപ്പി ഇനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. ഈ അവസരത്തിൽ സെൽ കൾച്ചറിലൂടെ ലാബിൽ വളർത്തിയെടുത്ത കാപ്പിയ്ക്ക് ആ പ്രതിസന്ധികളെ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കുമെന്നും ഗവേഷകർ പറയുന്നു.
മാത്രമല്ല, ഇവയ്ക്ക് പാരിസ്ഥിതികമായി ഏറെ ഗുണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതേ സമയം, യൂറോപ്യൻ മാർക്കറ്റുകളിൽ ലാബിൽ വളർത്തിയെടുത്ത ഈ കാപ്പികൾ വിപണിയിലെത്തണമെങ്കിൽ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. അങ്ങനെയെത്തിയാൽ തന്നെ ആളുകൾ ഇത് വാങ്ങാൻ തയാറാകുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. നാല് വർഷത്തിനുള്ളിൽ യൂറോപ്പിലും യു.എസിലും ഉപയോഗാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.എസിലും കാപ്പിക്കുരുവിൽ നിന്നല്ലാതെ കാപ്പിയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
കാപ്പി ഉത്പാദനത്തിൽ മുൻനിരയിലുള്ള രാജ്യമായ ബ്രസീലിൽ ജനപ്രിയ ഇനമായ അറബിക്ക ഉത്പാദനം കഴിഞ്ഞ അഞ്ച് വർഷമായി ഉയരുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല കർഷകരും അറബിക്ക ഉപേക്ഷിച്ച് റോബസ്റ്റ ഇനത്തിലെ കാപ്പിക്കുരുക്കളിലേക്ക് മാറിയതാണ് ഇതിന് കാരണം. താരതമ്യേന വിലകുറഞ്ഞ ഇനമാണ് റോബസ്റ്റ. റോബസ്റ്റയ്ക്ക് ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ സാധിക്കുമെന്നതാണ് ഗുണം. ഇതാണ് അറബിക്കയ്ക്ക് പകരം റോബസ്റ്റ ഇനം തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. താപനിലയിലുണ്ടായ വ്യതിയാനങ്ങൾ പല കാപ്പിയിനങ്ങളെയും തുടച്ചുമാറ്റിയേക്കുമോയെന്ന ആശങ്കയിലാണ് കർഷകരിപ്പോൾ.