accident

പരിക്കേറ്റയാളുമായി പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു

വെഞ്ഞാറമൂട്: കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർക്കും പരിക്കേറ്റയാളുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് വെഞ്ഞാറമൂടിന് സമീപം വയ്യേറ്റായിരുന്നു അപകടം. ബൈക്ക് യാത്രികരായ ഖബറടി സ്വദേശി അഖിൽ(21), പോത്തൻകോട് സ്വദേശി ഗോകുൽ (27), പേരുമല താഹാ മൻസിലിൽ നാസറുദ്ദീൻ (56), ആംബുലൻസ് ഡ്രൈവർ കിളിമാനൂർ സ്വദേശി അനന്തു(29) എന്നിവർക്കാണ് പരിക്കേറ്റത്.

വയ്യേറ്റ് നിന്ന് വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന യുവാക്കളുടെ ബൈക്കും എതിർദിശയിൽ വന്ന നാസറുദ്ദീന്റെ വാഹനവുമാണ് ആദ്യം കൂട്ടിയിടിച്ചത്. നാസറുദ്ദീന്റെ പിന്നാലെയെത്തിയ കാറും ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ നാസറുദ്ദീനുമായി ആശുപത്രിയിലേക്ക് പോകവേയാണ് കാട്ടായിക്കോണത്തുവച്ച് അനന്തു ഓടിച്ചിരുന്ന ആംബുലൻസ് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. അനന്തു, അഖിലിൽ, ഗോകുൽ എന്നിവരെ തിരുവനന്തപുരം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലും നാസറുദ്ദീനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.