തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ നാലാഞ്ചിറ മാർക്കറ്റിന് സമീപത്തെ വലിയകുളത്തിന് പുതുജീവൻ. തൊഴിലുറപ്പ് തൊഴിലാളികളായ 30 സ്ത്രീകളുടെ 9 ദിവസത്തെ അദ്ധ്വാനത്തിലൂടെയാണ് നാശോന്മുഖമായ കുളത്തിന് ശാപമോക്ഷമേകിയത്. കുളം പൂർണമായും മൂടിയ പായൽ വാരിമാറ്റുകയും കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ച് കുളത്തിന് ചുറ്റും അലങ്കാരച്ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ക്ളബ്, ലയൺസ് ക്ളബ് എന്നിവ സംയുക്തമായിട്ടാണ് ആറ് സോളോർ ലൈറ്റുകൾ, 12 ബെഞ്ചുകൾ, കുട്ടികളുടെ പാർക്കിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ സ്പോൺസർ ചെയ്‌ത്. തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കിയതെന്ന് കിണവൂർ വാർഡ് കൗൺസിലർ ആർ.സുരകുമാരി പറഞ്ഞു. ചെറുകിട ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെയും രണ്ട് പ്രാവശ്യം കുളം പുനരുദ്ധരിച്ചിരുന്നു.