dileep

തലയാട്: വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തോടെ കർഷകരുടെ ഓരോ പ്രഭാതവും ആശങ്കയോടെയാണ്. ഇന്നെങ്കിലും കൃഷി നശിച്ചിട്ടുണ്ടാവരുതേ എന്നാണ് ഇവരുടെ പ്രാർത്ഥന. മലയോര ഗ്രാമങ്ങളായ തലയാട്, ചീടിക്കുഴി, പേര്യമല, മണിച്ചേരി, വയലട, ചെമ്പുങ്ങര, ചുരത്തോട് പ്രദേശങ്ങളിലെല്ലാം കർഷകരുടെ ദുരിത കഥ സമാനമാണ്.

വാഴ, ചേന, കപ്പ, കൊക്കോ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. വിളവെടുപ്പ് നടത്താറാവുമ്പോഴേക്കും കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങന്മാർ എന്നിവ നാട്ടിലിറങ്ങി കൃഷിയാകെ നശിപ്പിക്കും. കർഷകർ ബാങ്കിൽ നിന്ന് ലോണെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. കൃഷി കാട്ടുമൃഗങ്ങൾ നശിപ്പിച്ചതോടെ കർഷകർ പലരും കടക്കെണിയിലായി. യുവാക്കൾ കൃഷിയിൽ നിന്നും പിന്മാറുകയും ചെയ്തു. നാളികേര കൃഷിയിലായിരുന്നു പ്രതീക്ഷയെങ്കിൽ വാനരപ്പടയുടെ ശല്യം കൂടിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു.

ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവയെല്ലാം കുരങ്ങന്മാർ നശിപ്പിച്ചു. തലയാട് കടമല ദിലീപ് ജോസിന്റെ വിളവെടുക്കാറായ കപ്പത്തോട്ടം കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു. തടത്തിൽ ജോണിയുടെ തെങ്ങിൻ തോട്ടത്തിലെ നാളികേരവും ഇളനീരും കുരങ്ങന്മാർ നശിപ്പിച്ചു. ഇങ്ങനെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കയറി കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണാൻ ലൈസൻസുള്ള തോക്കുള്ളവർക്ക് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളേയും മറ്റും വെടി വച്ചു കൊല്ലാൻ അനുവാദം കൊടുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

നേരത്തെ 500 നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. നാല് വർഷമായി ഒന്നും ചെയ്യുന്നില്ല. തെങ്ങുകൃഷിയായിരുന്നു പ്രതീക്ഷ. വാനരപ്പട കൂട്ടത്തോടെ വന്ന് നാളികേരവും ഇളനീരും മച്ചിങ്ങ വരെ നശിപ്പിച്ചു.

കടമല ദിലീപ്

നാല് വർഷം മുമ്പ് വരെ ഇടവിള കൃഷിയിൽ നിന്ന് നല്ല വരുമാനം ഉണ്ടായിരുന്നു. കാട്ടുപന്നികളും കുരങ്ങന്മാരും കൂട്ടത്തോടെ എത്തിയതോടെ എല്ലാം നഷ്ടമായി. കർഷകർക്ക് ലൈസൻസുള്ള തോക്കുകൾ ഉണ്ടായിരുന്നു. ഇലക്ഷൻ സമയത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ പറയും. പിന്നീട് അവ പുതുക്കി കിട്ടുന്നതിന് വേണ്ടി പല തവണ നടക്കേണ്ടി വരുന്നു. അതിനാൽ പലരും തോക്കു വേണ്ടന്ന് എഴുതി കൊടുക്കുകയാണ് പതിവ്.

ഷാജു നരിപ്പാറ

പല കർഷകരും ലോൺ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണ്.

റിയാസ് തലയാട്