panchi

നെയ്യാറ്റിൻകര: രണ്ട് ദിവസങ്ങൾക്ക് മുമ്പ് പെയ്ത കനത്ത മഴയിൽ നെയ്യാറിന്റെ തീരത്തുളള പല ഭാഗങ്ങളിലെയും റോഡുകളും ഇടവഴികളും ഇ‌ടിഞ്ഞു താണു. മഴയിലുണ്ടായ വെളളക്കെട്ട് കുറഞ്ഞ് തുടങ്ങിയതോടെയാണ് നാശങ്ങൾ വ്യക്തമായി തുടങ്ങുന്നത്. അരുവിപ്പുറം-പാഞ്ചിക്കാട് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞുതാഴ്ന്നു. നിർമ്മാണത്തിലെ അപാകത തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കാത്തതാണ് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ. തിങ്കളാഴ്ച രാത്രിയോടെയാണ് റോഡ് ഇടിഞ്ഞത്. വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡിന്റെ ഇരുപത്തിയഞ്ച് മീറ്ററോളമുളള പാർശ്വഭിത്തിയാണ് ഇടിഞ്ഞ് നെയ്യാറിലേക്കു മറിഞ്ഞത്. റോഡ് ഇടിഞ്ഞുതാഴ്ന്നതു കാരണം എട്ട് ഇഞ്ച് വ്യാസമുള്ള കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് വെള്ളം കുത്തിയൊലിച്ച് റോഡിന്റെ ബാക്കി ഭാഗവും തകർന്നു. കാളിപ്പാറ -അരുവിപ്പുറം കൊടിതൂക്കിമല ശുദ്ധജലപദ്ധതി പ്രദേശങ്ങളായ കൊല്ലവംവിള, മാരായമുട്ടം,ചായ്ക്കോട്ടുകോണം, അമ്പലം, ഓംമലയിൽക്കട തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം മുടങ്ങി. കാലാകാലങ്ങളിൽ നെയ്യാർ കരകവിഞ്ഞു വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ് ഈ റോഡിന്റെ ഭൂരിഭാഗവും. സ്ഥലത്തിന്റെ ഘടനയ്ക്ക് അനുസരിച്ചുള്ള നിർമ്മാണമല്ല നടത്തിയതെന്ന് നിർമ്മാണസമയത്തുതന്നെ പ്രദേശവാസികൾ അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്നത്തെ വകുപ്പ് മന്ത്രിക്ക് പ്രദേശവാസിയായ അജയൻ അരുവിപ്പുറം അപാകതകൾ ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

** തകർന്നത് നാടിന്റെ കാത്തിരിപ്പ്

യാത്രാസൗകര്യത്തിനായി വർഷങ്ങളായുള്ള ഒരു ഗ്രാമത്തിന്റെ കാത്തിരിപ്പിന്റെ ഫലമായിരുന്നു അരുവിപുറം പാഞ്ചിക്കാട് റോഡ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഈ കാത്തിരിപ്പ് യാഥാർത്ഥ്യമായത്.

നിർമ്മാണത്തിന്റെ അപാകതയും വെളളക്കെട്ടുമാണ് റോഡ് ചുരുങ്ങിയ സമയത്തിനുളളിൽ തകരാനിടയാക്കിയതെന്നാണ് ആരോപണം. അരുവിപ്പുറം ക്ഷേത്രം വഴി നെയ്യാറ്റിൻകരയ്ക്കും തിരിച്ചും എത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. നെയ്യാറിന് സമാന്തരമായിട്ടാണ് അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് പാഞ്ചിക്കാട് വഴി അറകുന്ന് കടവ് പാലം വഴി നെയ്യാറ്റിൻ കരയിലേക്കുള്ള ഈ റോഡുള്ളത്. പാർശ്വഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. മഴ തുടർന്നാൽ റോഡിന്റെ ഭൂരിഭാഗവും ഇനിയും തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.