nabidianam

ചിറയിൻകീഴ്: മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശം ഉയർത്തുന്ന നബിദിനാഘോഷത്തിന്റെ ഭാഗമാകാൻ ഇക്കുറിയും പതിവ് തെറ്റിക്കാതെ ശ്യാമളകുമാരി ടീച്ചർ പെരുമാതുറയിലെത്തി. കഴിഞ്ഞ 23 വർഷമായി മുടക്കം വരുത്താതെ ഓരോ നബിദിനത്തിലും മിഠായികളുമായി ടീച്ചർ എത്താറുണ്ട്. 1998 - 2005 കാലയളവിൽ പെരുമാതുറ ഗവ. എൽ.പി സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്നു ശ്യാമളകുമാരി. പെരുമാതുറ ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപന ജോലി ആരംഭിച്ച സമയത്ത് സ്കൂളിലെ കുട്ടികൾ ആവശ്യപ്രകാരമാണ് നബിദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് ടീച്ചർ പറഞ്ഞു.

കഴിഞ്ഞുപോയ നബിദിനങ്ങളിലെല്ലാം കൈ നിറയെ മധുരവുമായിട്ടായിരുന്നു ടീച്ചർ എത്തിയിരുന്നത്. എന്നാൽ ഇക്കുറി കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിരത്തുകളിൽ വച്ച് മധുരപലഹാര വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതിനാൽ പള്ളി കമ്മിറ്റിക്കാർക്ക് ഇതിനാവശ്യമായ തുക സംഭാവന നൽകിയാണ് ആഘോഷത്തിൽ ടീച്ചർ പങ്കുചേർന്നത്. അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചുവെങ്കിലും പെരുമാതുറയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ടീച്ചറുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകാറുണ്ട്. മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് ശ്യാമളകുമാരി ടീച്ചർ അർഹയായിട്ടുണ്ട്. സ്ഥിരതാമസം കഴക്കൂട്ടത്താണെങ്കിലും പെരുമാതുറ ടീച്ചറിന് ഏറെ പ്രിയപ്പെട്ടയിടമാണ്.