ഒരു വാഹനാപകടത്തെ തുടർന്ന് വിമർശനങ്ങളെ നേരിടുകയാണ് നടി ഗായത്രി സുരേഷ്.കൊച്ചിയിലെ കാക്കനാട് നാട്ടുകാർ ഗായത്രിയെയും സുഹൃത്തിനെയും തടഞ്ഞുവച്ചു. തുടർന്ന് ഗായത്രി ലൈവിൽ എത്തിയെങ്കിലും വീണ്ടും വിമർശനം നേരിടേണ്ടി വന്നു. ഗായത്രി പറയുന്നു.
'ഞാൻ ഒരിക്കലും പെർഫെക്ടായ സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്താണ് ഇതെല്ലാം സംഭവിച്ചത്. പക്ഷേ ആളുകൾക്ക് തന്റെ വണ്ടി തല്ലി പൊളിക്കാനും വീട്ടുകാരെ അസഭ്യം പറയാനും ആരാണ് അനുവാദം കൊടുത്തത്. എന്നെ എടീ, നീ എന്നൊക്ക വിളിച്ചു.താനൊരു സെലിബ്രിറ്റി ആയതിനാൽ മാത്രമാണ് ഇൗ സംഭവം ഇത്തരത്തിൽ ചർച്ചയാവുന്നത്. മറ്റൊരു കാറിനെ ഒാവർടേക്ക് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ളാസ് ഉരഞ്ഞു.
റോഡിൽ നല്ല തിരക്കായതുകൊണ്ട് നിറുത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്.അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്തു പിടിച്ചു.
ഇത് ഇത്രയും വലിയ പ്രശ്നമാക്കിയത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കിൽ അവർ ആരും വീഡിയോ എടുക്കാൻ പോവുന്നില്ല. അപകടം ഉണ്ടായി എന്നത് ശരിയാണെന്നും വാഹനം നിറുത്താതെ പോയതാണ് ആകെ ചെയ്ത തെറ്റ്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാൻ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പിന്നെ അവർ പൊലീസിനെ വിളിച്ചു. സത്യത്തിൽ പൊലീസിനോട് വലിയ കടപ്പാടുണ്ട്. അവർ എന്നോട് കാറിനുള്ളിൽ കയറി ഇരുന്നോളാൻ പറഞ്ഞു. എന്നെ ആദ്യംതന്നെ സുരക്ഷിതമാക്കുകയാണ് അവർ ചെയ്തത്.
തത്കാലം നിയമനടപടികളുമായി മുന്നോട്ടു പോവുന്നില്ല. ഞാൻ എന്റെ സിനിമകളുമായി സന്തോഷത്തോടെ യാത്ര തുടരും. മലയാളത്തിൽ അഞ്ച് സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. തെലുങ്കിൽ രണ്ട് ചിത്രങ്ങളും.ജമ്നാപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ഗായത്രി സുരേഷ് എത്തുന്നത്.