ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത നീന്തൽ പരിശീലനക്കുളം പായൽ കയറി നശിക്കുന്നു. മുദാക്കൽ ചെമ്പൂർ ജംഗ്ഷനു സമീപം പേരാർ ചിറയെന്നറിയപ്പെടുന്ന കുളമാണ് നാഥനില്ലാക്കളരിയായി കിടക്കുന്നത്. കടുത്ത വേനലിൽ പോലും വറ്റാത്ത ഈ ചിറ 10 കൊല്ലം മുൻപ് ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്ത് ചുറ്റുമതിൽ കെട്ടി വൃത്തിയാക്കിയിരുന്നു.
കുളം നീന്തൽ പരിശീലന കേന്ദ്രമാക്കിയതോടെ നിരവധി കുട്ടികളാണ് ഇവിടെ എത്തിയിരുന്നത്. സ്പോർട്സ് കൗൺസിൽ പരിശീലകരെയും ഏർപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനകം ഇതിന്റെ പ്രവർത്തനം താളംതെറ്റി. പ്രവർത്തനം നിലച്ചിട്ടും കുറേക്കാലം കുട്ടികൾ തനിച്ച് എത്തി പരിശീലനം നടത്തിയിരുന്നു. എന്നാൽ യുവാക്കൾ കുളത്തിൽ മുങ്ങി മരിച്ചതോടെ ഇവിടേക്ക് ആരും വരാതെയായി. ഇപ്പോൾ പണികഴിഞ്ഞെത്തുന്ന തൊഴിലാളികൾ പായൽ മാറ്റി കുളിച്ചു പോകും. കൂടാതെ സമീപത്തെ വീട്ടമ്മമാർ വസ്ത്രം കഴുകാനും എത്താറുണ്ട്. ചിറ കാടുകയറി നശിച്ചതോടെ മുദാക്കൽ പഞ്ചായത്ത് എല്ലാ കൊല്ലവും ബഡ്ജറ്റിൽ ഇത് വൃത്തിയാക്കുന്നതിന് തുക കൊള്ളിക്കുകയും വകമാറ്റി ചെലവാക്കുകയുമാണ് പതിവ്.
കുളം സ്ഥിതി ചെയ്യുന്നത് - 90 സെന്റ് സ്ഥലത്ത്
നീന്തൽക്കുളം സ്ഥാപിച്ചത് - 8 വർഷം മുൻപ്
ഒരു വർഷത്തിനകം പ്രവർത്തനങ്ങൾ താളം തെറ്റി
ഉപകാരമില്ലാതെ നീന്തൽക്കുളം
നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യപ്രകാരമാണ് സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത് ജില്ലയിലെ പ്രധാന നീന്തൽക്കുളമാക്കി മാറ്റിയത്. സി. മോഹനചന്ദ്രൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന സമയത്താണ് ഗ്രാമീണ മേഖലയിൽ കായികപരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പേരാർ ചിറയും ഏറ്റെടുത്തത്. ഇതിനായി കുളത്തിനു സമീപത്ത് രണ്ട് മുറികളുള്ള ഡ്രസിംഗ് റൂമും നിർമ്മിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വസ്ത്രം മാറുന്നതിന് പ്രത്യേകം മുറികളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്.
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം
വിജനമായ ഈ പരിസരത്ത് സ്കൂളിൽ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളും സാമൂഹ്യ വിരുദ്ധരായ യുവാക്കളും തങ്ങുന്നത് പതിവാണ്. മദ്യപാന - മയക്കുമരുന്ന് ഉപയോഗ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.