പാറശാല: കാർഷിക വൃത്തിയെ ജീവിതോപാധിയായി സ്വീകരിച്ചിട്ടുള്ളവർ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് കാരോട് ഗ്രാമ പഞ്ചായത്ത്. ഇവിടത്തെ കർഷകരുടെ പ്രധാന ജലശ്രോതസായ വെൺകുളം നവീകരണം തുടങ്ങിയതോടെയാണ് കർഷകരുടെ ദുരിതവും ആരംഭിച്ചത്. എട്ടര ഏക്കറോളം വിസ്തീർണമുള്ള കാരോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ വെൺകുളത്തിലെ വെള്ളമാണ് കാരോട് പഞ്ചായത്തിലെയും കുളത്തൂരിലെയും കർഷകർ ഉപയോഗിച്ചിരുന്നത്. എന്നാൽ എട്ട് വർഷം മുൻപ് കുളത്തിലെ ചെളി കോരിമാറ്റി സൈഡ് ഭിത്തികെട്ടി കുളം നവീകരിക്കാൻ തുടങ്ങിയതോടെ ദുരിതവും തുടങ്ങി. ആദ്യം കുളത്തിലെ ചെളി കോരിമാറ്റി കുറച്ച്ഭാഗം ഭിത്തിയും കെട്ടി. എന്നാൽ അനധികൃതമായി കുളത്തിൽ നിന്ന് കളിമണ്ണ് കടത്തുന്നെന്ന ആരോപണം ഉയരുകയും കുളത്തിന്റെ നവീകരണത്തിന് സ്റ്റേ വരികയും ചെയ്തു. ഒപ്പം ആദ്യം കെട്ടിയ സൈഡ് ഭിത്തിയും ഇടിഞ്ഞുവീണു. ഇതോടെ കുളത്തിന്റെ നവീകരണം നിലച്ചു. ആരോപണത്തിന്റെ പേരിൽ റവന്യു, ജലസേചന വകുപ്പുകളുടെ നേതൃത്വത്തിൽ ഉണ്ടായ അന്വേഷണം വർഷങ്ങൾ നീണ്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി തെളിയിക്കപ്പെടാൻ കഴിയാതെവന്നതിനാൽ അന്വേഷണം വെറുതെയായി. പദ്ധതികൾ പലതും നടപ്പിലാക്കിയെങ്കിലും വെൺകുളം ഇപ്പോഴും പുല്ലും പടർപ്പുകളും നിറഞ്ഞ് കാട് പിടിച്ച നിലയിലാണ്.
കർഷകർ ദുരിതത്തിൽ
കുളത്തിന്റെ നവീകരണത്തിന്റെ പേരിൽ എട്ട് വർഷക്കാലമായി കൃഷി തടസപ്പെട്ടു എന്നല്ലാതെ ഇതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. സമീപത്തെ കുളത്തിലേക്ക് വെള്ളം ഒഴിക്കിവിടാൻ കുളത്തിന്റെ ബണ്ട് വെട്ടിമുറിച്ച ശേഷമാണ് ആദ്യം പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചത്. നിർമ്മാണം നിലച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ബണ്ട് ഇതുവരെ കെട്ടിയടച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുളത്തിൽ വെള്ളം സംഭരിക്കാറുമില്ല. കൃഷി ചെയ്യാനുള്ള വെള്ളം കണ്ടെത്താൻ കഴിയാത്തതിനാൽ കർഷകർ പലരും കൃഷിയെ ഉപേക്ഷിച്ചു.
***കുളത്തിന്റെ വിസ്തീർണം.......8.5 ഏക്കർ
***നവീകരണം ആരംഭിച്ചിട്ട് 8 വർഷം
***
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് മാസം മുൻപ് 92 ലക്ഷം രൂപയുടെ പുതിയ പദ്ധതി ആരംഭിച്ചെങ്കിലും അതും പാതിവഴിയിൽ നിലച്ചു. കുറച്ചുഭാഗം ഭിത്തികെട്ടി ചെളിയും കോരി മാറ്റിയെങ്കിലും വീണ്ടും ആരോപണം ഉയർന്നതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. എന്നാൽ കൃഷിക്ക് ആവശ്യമായതരത്തിൽ വെള്ളം കെട്ടിനിറുത്തി പാടത്തേക്ക് വേള്ളം എത്തിക്കുന്നതിനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രതികരണം: കുളത്തിന്റെ നവീകരണം കൃത്യമായി നടത്തിയിരുന്നെങ്കിൽ കാരോട് ഗ്രാമ പഞ്ചായത്തിലെ വെൺകുളത്തിന് ഈ ഗതി വരില്ലായിരുന്നു. കൃഷിയും മുടങ്ങാതെ നടക്കുമായിരുന്നു. മാത്രമല്ല, വേനലായാൽ സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലും വെള്ളമില്ലാത്ത നിലയിലായി മാറിയിട്ടുണ്ട്.
കർഷ കൂട്ടായ്‌മ, കാരോട് ഗ്രാമ പഞ്ചായത്ത്.