punarjanikku-kaimarunnu

കല്ലമ്പലം: സ്വന്തം വീട്ടിൽ നിന്നും വഴിതെറ്രി പല സ്ഥലങ്ങളിൽ അലഞ്ഞുനടന്ന അമ്മയ്ക്ക് ഒടുവിൽ പുനർജനി അമ്മവീട് ശ്രീനാരായണ സന്യാസിനി മഠത്തിൽ അഭയം. കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിലയന്തൂർ വാർഡിൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കൊച്ചിക്ക (87) യെയാണ് കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ വർക്കല പുനർജനി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി നാവായിക്കുളം മേഖലയിൽ കറങ്ങിനടന്ന അമ്മയെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാനും പൊതു പ്രവർത്തകനായ എം. നസിറുദ്ദീനും നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനായ രമേശും ചേർന്ന് ഭക്ഷണം വാങ്ങി നൽകി. കേൾവി കുറവുള്ള അമ്മയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ഗംഗാപ്രസാദ്, പി.ആർ.ഒ സുനിൽ, ഡബ്ല്യൂ.എസ്.സി.പി.ഒ ധന്യ എന്നിവർ ചേർന്ന് അമ്മയെ മാസ്ക് ധരിപ്പിച്ച് കടുവയിൽ കെ.ടി.സി.ടി ആശുപത്രി അധികൃതരുമായി ബന്ധപെട്ട് സൗജന്യ കൊവിഡ് പരിശോധന നടത്തി പുനർജനിയ്ക്ക് കൈമാറി. അമ്മയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉമ്മന്നൂർ പഞ്ചായത്തിലെ ലക്ഷംവീട് കോളനിവാസിയാണെന്ന് മനസ്സിലായത്. കൂലിപ്പണിക്കാരിയായ മകളോടൊപ്പം താമസിക്കുന്ന അമ്മ സ്ഥലകാലബോധമില്ലാതെ ഇടയ്ക്കിടയ്ക്ക് വീട് വിട്ടുപോകാറുണ്ടെന്ന് വിലയന്തൂർ വാർഡ്‌ മെമ്പർ എസ്. ബുഷ്‌റ പറഞ്ഞു. മകളെ വിവരം അറിയിച്ചിട്ടുണ്ട്. പുനർജനിയുടെ ചെയർമാൻ ട്രോസി ജയന്റെ നിർദ്ദേശപ്രകാരം പി.ആർ.ഒ മുരളീധരകുറുപ്പ് സ്റ്റേഷനിലെത്തി അമ്മയെ ഏറ്റെടുത്തു.