കിളിമാനൂർ: പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിനായി ആരംഭിച്ച കർമ്മസേനയുടെ പ്രവർത്തനം അവതാളത്തിൽ. പദ്ധതി പ്രകാരം വീടുകളിലെത്തി മാലിന്യം ശേഖരിച്ച് മിനി എം.എസി.എഫുകളിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ) എത്തിക്കണം. അവിടെ നിന്ന് ആർ.ആർ. എഫുകളിൽ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി ) എത്തിച്ച് വേർതിരിച്ച് സംസ്കരണത്തിനായി കൈമാറണം ഇതാണ് ഹരിതകർമ്മസേനയുടെ ചുമതല. ഇത്തരത്തിൽ മാലിന്യം ശേഖരിക്കുമ്പോൾ വീട്ടുകാർ 60 രൂപയും സ്ഥാപനങ്ങൾ 150-300 പ്രതിമാസം നൽകണം. എന്നാൽ സേനയുടെ പ്രവർത്തനം നടക്കുന്ന ഡിവിഷനുകളിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വാസ്ഥവം. വിവിധ ഭാഗങ്ങളിൽ മിനി എം.സി. എഫുകൾ എന്ന പേരിൽ ഇരുമ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും അത് 10 വീടുകളിലെ മാലിന്യം പോലും നിക്ഷേപിക്കാനാവില്ല. അതുകൊണ്ടുതന്നെ മിനി എം.സി.എഫുകൾ മാലിന്യം നിറഞ്ഞും കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. അതിനാൽ മാലിന്യങ്ങൾ റോഡരികുകളിൽ കൂട്ടി ഇടേണ്ട അവസ്ഥ. യഥാസമയം വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും അവ എം.സി.എഫുകളിൽ എത്തിക്കുകയും അവിടെ നിന്ന് ആർ.ആർ. എഫുകളിൽ എത്തിച്ച് വേർതിരിച്ച് ക്രഷിംഗ് യൂണിറ്റിലെത്തിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പരാതികൾ ഏറെ
* * അടിയന്തരമായി ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.
* * പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് സംസ്കരിക്കാനായി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിലെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി.
**പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ആർ.ആർ.എഫുകളിൽ കുന്നു കൂടി കിടക്കുന്നു.
* * യഥാ സമയം വീടുകളിൽ വന്ന് ഹരിത കർമ്മ സേനാ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാത്തതിനാൽ പൊതു ജനങ്ങൾ എല്ലാ തരത്തിലുള്ള മാലിന്യങ്ങളും അവർ നേരിട്ട് മിനി എം.സി.എഫുകളിൽ നിക്ഷേപിക്കുകയാണ്.
** ജനങ്ങൾ മിക്ക മിനി എ.സി.എഫുകളിലും ജൈവ- അജൈവമാലിന്യങ്ങൾ വേർതിരിക്കാതെ ഒരുമിച്ച് നിക്ഷേപിക്കുന്നത് മാലിന്യ ശേഖരണത്തെ ബാധിച്ചിട്ടുണ്ട്.