കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വന്നതോടെ സംസ്ഥാനത്തെ മൾട്ടിപ്ളക്സുകൾ ഉൾപ്പെടെയുള്ള എല്ലാ തിയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കാൻ കൊച്ചിയിൽ ചേർന്ന തിയേറ്ററുടമകളുടെ യോഗത്തിൽ തീരുമാനമായി. നികുതിയിളവ് ഉൾപ്പെടെ നേരത്തെ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് വേണ്ടി വെള്ളിയാഴ്ച തിയേറ്ററുടമകളുടെ പ്രതിനിധികൾ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇൗമാസം 25 മുതൽ തിയേറ്ററുകൾ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. നികുതിയിളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചാൽ മാത്രമേ തിയേറ്ററുകൾ തുറക്കൂവെന്ന തിയേറ്ററുടമകളുടെ നിലപാടിൽ മാറ്റം വന്ന് കഴിഞ്ഞുവെങ്കിലും തിയേറ്ററുകൾ തുറക്കും മുൻപ് സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് തിയേറ്ററുടമകളുടെ പ്രതീക്ഷ.