nira

കിളിമാനൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ ലൈം ലൈറ്റിൽ തിളങ്ങിയ എസ്. നിരഞ്ചനെ എല്ലാവരും അറിഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടൽ എന്ന തന്റെ രണ്ടാമത്തെ ചിലച്ചിത്രത്തിൽ ബിലാൽ എന്ന ബാലന്റെ വേഷം തകർത്താടി സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ നിരഞ്ചന്റെ വെള്ളിത്തിരയ്ക്ക് പിറകിലെ ജീവിതം അധികമാർക്കും അറിയില്ല. സ്വന്തമായി ഒരു വീടെന്ന് പറയാൻ ഒന്നില്ല.

താത്കാലികമായി ഷീറ്റ് മറച്ച ഒരു ഒറ്റമുറി ഷെഡും അടുക്കളയും മാത്രം. ഈ വീട്ടിലാണ് നിരഞ്ചനും സഹോദരി ഡി​ഗ്രി വിദ്യാർത്ഥിനിയും കൂലിപ്പണിക്കാരായ മാതാപിതാക്കളും കഴിഞ്ഞുവന്നത്. മികച്ച ഒരു ഫുട്ബോളർ കൂടിയായ നിരഞ്ചന് തനിക്ക് സഹോദരിക്കും മാതാപിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന സ്വപ്നത്തിന്റെ പിറകെയാണ്. അഭിനയിച്ച് വലിയ ആളായി എല്ലാം നേടണമെന്ന നിരഞ്ചന്റെ ആ​ഗ്രഹത്തിന് എല്ലാ പിന്തുണയുമായി സി.പി.എം നിയന്ത്രണത്തിലുള്ള കെ.എം. ജയദേവൻമാസ്റ്റർ സൊസൈറ്റിയും രം​ഗത്തെത്തി. നിരഞ്ചന് വീട് സൊസൈറ്റി നിർമ്മിച്ച് നൽകുമെന്ന് സൊസൈറ്റിയുടെ ഉപഹാരം കൈമാറിക്കൊണ്ട് പ്രസിഡന്റ് മടവൂർ അനിൽ അറിയിച്ചു.

സൊസൈറ്റി വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, സെക്രട്ടറി എം.ഷാജഹാൻ, ട്രഷറർ എസ്.രഘുനാഥൻ,സി.പി.എം ഏരിയാകമ്മിറ്റിയം​ഗങ്ങളായ ജി.വിജയകുമാർ,ജി.രാജു,ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രനുണ്ണിത്താൻ, ഹജീർ,ദിലീപ് കുമാർ, രാമചന്ദ്രകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.