ksrtc

പാറശാല:ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സി യുടെ പാറശാല ഡിപ്പോ സന്ദർശിച്ചു. പാറശാല മണ്ഡലത്തിലെ വിവിധ മേഖലകളിലായി ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന മറ്റ് ഡിപ്പോകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഇടിച്ചക്കപ്ലാമൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ റീജിയണൽ വർക്ക് ഷോപ്പിനായി വാങ്ങിയിട്ടിരിക്കുന്ന എട്ടര ഏക്കർ സ്ഥലം മന്ത്രി സന്ദർശിച്ചു.ഇവിടെ കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുമായി സഹകരിച്ചോ ഒരു സ്ഥാപനം തുടങ്ങുന്നതു സംബന്ധിച്ച് ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലകളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ' ഗ്രാമവണ്ടി ' എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ അനുവദിച്ചു നൽകാമെന്നും മന്ത്രി അറിയിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ഡാർവിൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത,ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,കെ.എസ്.ആർ.ടി.സി ഇ.ഡി.ഒ പ്രദീപ്കുമാർ,സൗത്ത് സോൺ ഇ.ഡി.അനിൽകുമാർ,സി.റ്റി.ഒ, എ.റ്റി.ഒ മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് മന്ത്രി ഡിപ്പോ സന്ദർശിച്ചത്.