photo

നെടുമങ്ങാട്: ഹൈടെക് സ്കൂളുകളുടെ വിജയഗാഥകൾക്ക് നടുവിൽ പരാധീനതകളുടെ വീർപ്പുമുട്ടലിലാണ് രാമപുരം ഗവ. യു.പി സ്കൂൾ. നൂറ്റാണ്ട് പിന്നിടുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ കുറവാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വലയ്ക്കുന്നത്.
സ്കൂളുകൾ പൂർണതോതിൽ പഠന സജ്ജമാകുമ്പോൾ ഇല്ലായ്മകൾക്ക് നടുവിൽ ക്ലാസ് മുറികൾ ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ.

കൊവിഡ് പോസിറ്റീവായ കുട്ടികളെ കരുതലിൽ പരിപാലിക്കുന്നതിനുള്ള 'സിക്ക് മുറി" ഉൾപ്പെടെ ഒരുക്കേണ്ട ചുമതല അദ്ധ്യാപകർക്കുണ്ട്. നഗരഹൃദയത്തിൽ നിന്ന് രണ്ട് കി.മീറ്റർ അകലെയായി വാമനപുരം - നെടുമങ്ങാട് നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഇത്രയും പഴക്കമുള്ള കെട്ടിടങ്ങളുള്ള സ്കൂളുകൾ സമീപപ്രദേശങ്ങളിലൊന്നും കാണാനില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത്രയും വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകളിൽ പോലും മികച്ച ഭൗതിക സാഹചര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. കാർഡ് ബോർഡ് തട്ടികൾ ഉപയോഗിച്ച് മറതീർത്ത് ക്ലാസ് മുറികൾ വേർതിരിച്ചാണ് എൽ.പി വിഭാഗത്തിന്റെ അദ്ധ്യയനം.

കനത്ത മഴയിൽ സ്കൂൾചുറ്റുമതിലിലൊരു ഭാഗം കരിങ്കൽക്കെട്ട് തകർന്ന് വീണു. വടക്ക് ഭാഗത്തുള്ള പുരയിടത്തിലെ മരങ്ങൾ സ്കൂളിലെ ഓടിട്ട കെട്ടിടങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. മരക്കൊമ്പുകൾ ഒടിഞ്ഞ് വീട് പലവട്ടം കേടുപാടുണ്ടായി. തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഒഴിവായത്. മൺമതിലിലൊരു ഭാഗം തകർന്ന് സ്കൂൾ വളപ്പിൽ പതിച്ചിരിക്കുകയാണിപ്പോൾ. ബാക്കി ഭാഗം ഏതു നിമിഷവും സ്കൂൾ കെട്ടിടങ്ങൾക്ക് മേൽ നിലംപൊത്താവുന്ന തരത്തിലുമാണ്. പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഇന്നും ഓടിട്ട കെട്ടിടങ്ങൾ മാത്രം

1906ൽ സ്ഥാപിതമായ സ്കൂളിൽ 50 വർഷത്തിലധികം പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങളിലാണ് പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളാണ് ഭൂരിഭാഗവും.

നെടുമങ്ങാട് സബ് ജില്ലയിൽ പഠന - പഠനേതര പ്രവർത്തനങ്ങളിൽ തുടർച്ചയായി മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ്. നിലവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 550ൽ അധികമാണ്. ഇത്രയും പേരെ പരിമിതമായ പഠനമുറി സൗകര്യങ്ങളിൽ എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും പി.ടി.എയും. ലൈബ്രറി, കംപ്യൂട്ടർ ലാബ്, മറ്റു ലാബുകൾ എന്നിവ സ്വപ്നം മാത്രം.

പദ്ധതി രൂപരേഖയുമായി

രക്ഷാകർത്താക്കൾ നെട്ടോട്ടത്തിൽ !

സ്കൂളിന്റെ മുഖച്ഛായ മാറുംവിധം ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കി സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകർ ജനപ്രതിനിധികൾക്ക് പിന്നാലെ നടക്കുമ്പോഴാണ് ഈ ദുരവസ്ഥ. കിഫ്ബി, എം.പി ഫണ്ട് എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്തി നിലവാരമുള്ള ബഹുനില കെട്ടിടം നിർമ്മിച്ച് വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സ്കൂൾ പി.ടി.എ ആവശ്യപ്പെടുന്നു.