പാറശാല: അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി പ്രിയദർശിനി കാരുണ്യ വേദിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം കൈമാറി. പരശുവയ്ക്കൽ പനയറക്കൽ ചന്ദ്രന്റെ മകൻ അനൂപിന്റെ (18) ചികിത്സയ്ക്കായിട്ടാണ് ധനസമാഹരണം നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ചികിത്സാ ചെലവുകൾക്കായി ബുദ്ധിമുട്ടുന്നതായി അറിഞ്ഞാണ് പ്രിയദർശിനി സഹായ ധനവുമായി എത്തിയത്. കാരുണ്യവേദിയും കോൺഗ്രസിന്റെ പനയറക്ക 120-ാമത് നമ്പർ ബൂത്ത് കമ്മിറ്റിയും സംയുക്തമായി സ്വരൂപിച്ച തുകയാണ് ആശുപത്രിയിലെത്തി കൈമാറിയത്. കാരുണ്യവേദി ചെയർമാൻ പെരുവിള രവി ചികിത്സാ സഹായഫണ്ട് കൈമാറി. കാരുണ്യവേദി പ്രവർത്തകരായ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ശശികുമാർ, കൃഷ്ണകുമാർ, നിഷ, ബൈജു,ബാബു, സനൽ തുടങ്ങിയവർ പങ്കെടുത്തു.