തിരുവനന്തപുരം: നികുതിപ്പണം വെട്ടിപ്പിനെതിരെ തിരുവനന്തപുരം കോർപ്പറേഷനിൽ തുടരുന്ന സമരം ശക്തമാക്കാൻ ബി.ജെ.പി. കോർപ്പറേഷനിലെ 34 കൗൺസിലർമാരും ഇന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇന്ന് രാവിലെ 11ന് നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. നിരാഹാരമിരിക്കുന്ന കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നുമുതൽ കോർപ്പറേഷന് പുറത്ത് ബി.ജെ.പി രാപ്പകൽ സമരം ആരംഭിക്കും. ഇതോടൊപ്പം നൂറു വാർഡുകളിൽ വൈകിട്ട് പന്തം കൊളുത്തി പ്രകടനവും നടത്തും. പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ ബി.ജെ.പി വരുംദിവസങ്ങളിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ബി.ജെ.പി മുന്നോട്ടുവച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാജേഷ് പറഞ്ഞു.