തിരുവനന്തപുരം: വീട്ടുകരം തട്ടിച്ച സംഭവത്തിൽ കുറ്റക്കാരായ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് സി.പി.എം സംരക്ഷണമൊരുക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. നേമം സോണൽ ഓഫീസിലെ ഒന്നാം പ്രതിയെ അറസ്റ്റുചെയ്‌ത പൊലീസ് മുൻകൂർ ജാമ്യം തള്ളിയ ഇടതു യൂണിയൻ നേതാവായ രണ്ടാം പ്രതിയെ അറസ്റ്റുചെയ്യുന്നില്ല. ഇയാൾക്ക് ഹൈക്കോടതിയിൽ ജാമ്യം നേടാനുള്ള ഒത്താശ ചെയ്യുകയാണ് കോർപ്പറേഷൻ ഭരണസമിതിയും പൊലീസുമെന്നും രാജേഷ് പറഞ്ഞു. നേമം സോണലിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ ഓഫീസിൽ കയറാൻ പ്രതികൾ അനുവദിച്ചിരുന്നില്ല, അത്രമാത്രം സ്വാധീനമാണ് പ്രതികൾക്ക് കോർപ്പറേഷനിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വലിയമാഫിയ പ്രവർത്തിക്കുന്നുണ്ട്. പ്രതികളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ കൗൺസിലിന്റെ അംഗീകാരം വാങ്ങാത്തത് അവരെ സംരക്ഷിക്കാനാണെന്നും വി.വി. രാജേഷ് വ്യക്തമാക്കി. നവീകരിച്ച മാസ്റ്റർപ്ലാനിന്റെ കരട് രൂപം തയ്യാറാക്കുന്ന 24 അംഗ സമിതിയിൽ ബി.ജെ.പിയിലെ ഒരു ജനപ്രതിനിയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് കൗൺസിലർ വി.ജി. ഗിരികുമാർ പറഞ്ഞു. ഈ കരടാണ് പൊതുചർച്ചയ്ക്കും കോർപ്പറേഷൻ കൗൺസിലിലും വരുന്നത്. 2010 -15ൽ മാസ്റ്റർപ്ലാനിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി പ്രക്ഷോഭം നടത്തിയ ബി.ജെ.പിയെ ബോധപൂർവം ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.