തിരുവനന്തപുരം: കിള്ളിപ്പാലത്ത് പൊലീസിനെ പടക്കമെറിഞ്ഞ കേസിൽ പിടിയിലായവർ നഗരത്തിലെ കഞ്ചാവ് വില്പന സംഘങ്ങളുമായി അടുത്ത ബന്ധമുള്ളവരെന്ന് പൊലീസ്. ഇത്തരം സംഘങ്ങൾ യുവാക്കളെ കരുവാക്കിയാണ് വില്പന സുലഭമാക്കുന്നത്. ജയിലുകളിൽ കിടക്കുന്ന കൊടും ക്രിമിനലുകളാണ് ഇതിനെ നിയന്ത്രിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

നേരത്തെ ഈ ഭാഗം കേന്ദ്രീകരിച്ച് നടന്ന രണ്ട് കൊലപാതകങ്ങളിലും കഞ്ചാവ് സംഘങ്ങളുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കിള്ളിപ്പാലം ബണ്ട് റോഡ് ഭാഗത്ത് കഞ്ചാവ് മാഫിയ സജീവമാകുന്നതായി ലഭിച്ച റിപ്പോർട്ടുകളെ തുടർന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് സംഘങ്ങളെ മുമ്പ് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ രീതിയിൽ ആയുധങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് കടത്തിനെ കൂടാതെ ക്വട്ടേഷൻ ജോലികളും ഇവർ ഏറ്റെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന നടത്തിവന്ന ലോഡ്ജിൽ ദിവസേന നിരവധിപ്പേർ എത്തിയിരുന്നെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും കരമന എസ്.എച്ച്.ഒ ബി. അനീഷ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് കൂടുതൽ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ഫോർട്ട് എ.സി ഷാജി, കരമന എസ്.എച്ച്.ഒ ബി. അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.