വിഴിഞ്ഞം: ആറ്റിങ്ങലിൽ നടന്ന സംസ്ഥാന അമച്വർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണം ഉൾപ്പെടെ 7 മെഡലുകൾ നേടി വിഴിഞ്ഞത്തിന്റെ പുലിക്കുട്ടികൾ. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലാണ് വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ മെഡൽ നേടിയത്.
സബ് ജൂനിയർ 70.കി.ഗ്രാം വിഭാഗത്തിൽ ഡാനിയേൽ സേവ്യർ, 32 കി.ഗ്രാം വിഭാഗത്തിൽ മോണിക്ക എന്നിവർ സ്വർണം നേടി. 50 കി.ഗ്രാം വിഭാഗത്തിൽ റോബോ ആന്റണി, 40 കി.ഗ്രാം വിഭാഗത്തിൽ ജിയോ എന്നിവർ വെള്ളിയും 49 കി.ഗ്രാം വിഭാഗത്തിൽ പ്രവീൺ, 55 കി.ഗ്രാം വിഭാഗത്തിൽ സാവിയോ ജോൺ എന്നിവർ വെങ്കലവും നേടി. ജൂനിയർ വിഭാഗത്തിൽ (80 കി.ഗ്രാം) ജെഫി വിൽസണും വെങ്കലമെഡൽ നേടി. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് വിഴിഞ്ഞം സീ ഫൈറ്റേഴ്സ് ബോക്സിംഗ് ക്ലബിന്റെ നേതൃത്വത്തിലാണ് ഇവർ മത്സരിച്ചത്. വിഴിഞ്ഞം സ്വദേശിയായ പ്രിയൻ റോമനാണ് പരിശീലകൻ.