കൊവിഡിന്റെ വരവോടെ ഡിജിറ്റൽ പണമിടപാടിൽ വൻ കുതിച്ചുച്ചാട്ടമാണുണ്ടായത്. സ്മാർട്ട്ഫോൺ കൈവശമുള്ളവരെല്ലാം ഓൺലൈൻ പണമിടപാടിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് പ്രകടമായിരുന്നു. എന്നാൽ റഷ്യയിൽ ഇതിനേക്കാൾ ഒരുപടി മുന്നിലേക്കെത്താനുള്ള ശ്രമം നടക്കുകയാണ്. അവിടെയിപ്പോൾ ആളുകളുടെ മുഖം മാത്രം മതി പണമിടപാട് നടത്താൻ.! അതെ, കൈയ്യിൽ ഫോണും വേണ്ട, പണവും വേണ്ട, കാർഡും വേണ്ട.
' ഫേസ് പേ " ( Face Pay ) എന്നാണ് റഷ്യ തങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ അവതരിപ്പിച്ചിരിക്കുന്ന ഫേഷ്യൽ ഐ.ഡി പേമെന്റ് സിസ്റ്റത്തിന്റെ പേര്. തങ്ങളുടെ മുഖത്തിന്റെ ചിത്രം മോസ്കോ മെട്രോയുടെ ആപ്പ് വഴി ട്രാൻസ്പോർട്ട് കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാവുക. ഇത്തരത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ രീതിയിലൂടെ പണമിടപാട് നടത്തുന്നവർ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറകളിലേക്ക് നോക്കിയാൽ മാത്രം മതി. എല്ലാവരും ഈ രീതി പിന്തുടരണമൊന്ന് നിർബന്ധമില്ല. ഈ സേവനത്തോട് താത്പര്യമില്ലാത്തവർക്ക് സാധാരണ പണമിടപാട് രീതികൾ തന്നെ തുടരുന്നതിന് യാതൊരു തടസവുമില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തലസ്ഥാന നഗരമായ മോസ്കോയിലെ 240ലേറെ മെട്രോ സ്റ്റേഷനുകളിലായി ഫേഷ്യൽ റെക്കഗ്നിഷൻ വഴി പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നത്. ലോകത്താദ്യമായാണ് പണമിടപാടിനായി ഇത്തരമൊരു സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്.
സംഭവം വളരെ എളുപ്പവും സാങ്കേതികപരമായി ഏറെ പുരോഗതി കൈവരിച്ചതുമാണെങ്കിൽ പോലും ഇതിനെ പറ്റി ആശങ്ക പ്രകടിപ്പിക്കുന്നവരും ഏറെയാണ്. ഫേഷ്യൽ റെക്കഗ്നിഷൻ വഴി ജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന വാദമാണ് ഇതിൽ ഏറ്റവും കൂടുതൽ കേൾക്കുന്നത്. ചൈനയിൽ സുരക്ഷാ ക്യാമറകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കുന്നതിനുൾപ്പെടെ എതിരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംവിധാനത്തിന്റെ സുരക്ഷിത്വത്തെ സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
ഈ പശ്ചാത്തലത്തിലാണ് നിർണായക ചുവടുവയ്പുമായി റഷ്യയുടെ രംഗപ്രവേശം. അതേ സമയം, പുതിയ സംവിധാനത്തിലൂടെ സ്വകാര്യത ലംഘനമുണ്ടാകില്ലെന്നും യാത്രക്കാർ നൽകിയിരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്യപ്പെടുന്നതായുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
1.27 കോടി ജനങ്ങൾ ജീവിക്കുന്ന മോസ്കോയിൽ നേരത്തെ കൊവിഡ് ക്വാറന്റൈൻ ഫലപ്രദമാക്കാനും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. കൂടാതെ, കുറ്റകൃത്യങ്ങൾ തടയാൻ ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള ഏകദേശം 200,000 സുരക്ഷാ ക്യാമറകളുടെ ശ്യംഖല തന്നെ മോസ്കോ നഗരത്തിലുണ്ട്.
റഷ്യൻ ഭരണകൂടത്തിനെതിരായി പ്രക്ഷോഭങ്ങൾ നടത്തുന്നവരെ തിരിച്ചറിയാനും ഈ വിദ്യ രഹസ്യമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരന്നു. ഏതായാലും മെട്രോയിലെന്ന പോലെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന കൂടുതൽ ഇടങ്ങളിലേക്ക് ഫേഷ്യൽ റെക്കഗ്നിഷൻ രീതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ ഭരണകൂടം.