vela-yudhan

കളമശേരി: ഭാഗ്യം വിറ്റ് പക്ഷിമൃഗാദികൾക്ക് അന്നമൂട്ടുന്ന ലോട്ടറി വിൽപനക്കാരനാണ് ഏലൂർ നോർത്ത് കുഴിക്കണ്ടം വീട്ടിലെ കെ.കെ.വേലായുധൻ. രാവിലെ 7 മണിക്ക് ഫാക്ട് ജംഗ്ഷനിലെ ഫെറി റോഡ് ബസ് സ്റ്റോപ്പിനടുത്ത് ഇലക്ട്രിക് കമ്പികളിൽ വരിവരിയായി തന്നെ കാത്തിരിക്കുന്ന പ്രാവിൻ കൂട്ടത്തിന് ഗോതമ്പുമണികൾ നൽകിയിട്ടേ ലോട്ടറി കച്ചവടം തുടങ്ങൂ. പ്രാതൽ കഴിച്ച് പ്രാവുകൾ പറന്നു പോയാൽ തെരുവ് നായ്ക്കളെത്തും. അവർക്കുള്ള ടൈഗർ ബിസ്ക്കറ്റ് റെഡി. ഉച്ചഭക്ഷണത്തിന് പ്രാവുകൾക്ക് ഗോതമ്പിനൊപ്പം കപ്പലണ്ടിയും കൊടുക്കും. കൂട്ടത്തിൽ ചിലർക്ക് വേലായുധന്റെ കൈവെള്ളയിൽ നിന്ന് കൊത്തി പെറുക്കിയാലെ തൃപ്തിയാകൂ. അവർ ഭയമില്ലാതെ ലോട്ടറി കൂടാരത്തിലേക്ക് പറന്നു കയറും. നായ്ക്കൾക്ക് ലതയെന്ന വീട്ടമ്മ നിത്യേന എത്തിക്കുന്ന പൊതിച്ചോർ നൽകും. നോൺ വെജിറ്റേറിയൻ ലഞ്ചും കഴിച്ച് നന്ദിയും പ്രകടിപ്പിച്ച് അവ പോകും. 3 മണിക്ക് ടീ ബ്രേക്കിന് പ്രാവുകൾ റെഡി. 6 മണിക്കുള്ളിൽ അത്താഴവും കഴിഞ്ഞ് തൊട്ടുമുമ്പിലുള്ള ഫാക്ടിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലേക്ക് ചേക്കേറും. അവിടെയാണ് അവയുടെ അന്തിയുറക്കം.

66 കാരനായ വേലായുധൻ ലോട്ടറിക്കച്ചവടം തുടങ്ങിയിട്ട് 16 വർഷമായി. പ്രാവുകൾക്ക് 5 വർഷമായി 4 നേരം മുടങ്ങാതെ ഭക്ഷണം നൽകുന്നു. ദിവസേന 200 രൂപ ചെലവുവരും. ലോട്ടറി വിറ്റു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് എടുക്കുന്നത്. വേലായുധന്റെ സത്പ്രവർത്തി കണ്ട് ചിലർ അരിയോ ഗോതമ്പോ സൗജന്യമായി നൽകാറുണ്ട്. ഭാര്യ ശോഭനയും മക്കളായ അജേഷും രാജേഷും പിന്തുണയുമായി കൂടെയുണ്ട്.