പെരിന്തൽമണ്ണ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അവരെ കൊണ്ടുതന്നെ കൊടുത്തയച്ച വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ടു. അങ്ങാടിപ്പുറം മേൽപ്പാലത്തിന് താഴെയാണ് രാത്രിയുടെ മറവിൽ മൂന്ന് കവറിലാക്കി മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വാർഡ് മെമ്പർ കെ.ടി. നാരായണന്റെ ശ്രദ്ധയിൽ പെടുത്തുകയും മെമ്പർ ഇടപെട്ട് വേസ്റ്റു കവറുകൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്ന് ചില മെഡിക്കൽ ബില്ലുകൾ, സ്ഥാപനങ്ങളുടെ പേരുകൾ എന്നിവ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിലെ മാലിന്യമാണെന്ന് ബോദ്ധ്യമായി.
തുടർന്ന് മെമ്പർ ഉടൻ പൊലീസിൽ പരാതി നൽകി. ക്വാർട്ടേഴ്‌സ് ഉടമയെ പോലീസ് വിളിപ്പിക്കുകയും ഇയാൾ കീഴാറ്റൂർ പഞ്ചായത്തിൽ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ബാഷയും ആലിപ്പറമ്പ് പഞ്ചായത്തിലെ തൂതയിൽ താമസിക്കുന്ന ശശി എന്ന ഓട്ടോ ഡ്രൈവറും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ നിന്ന് 1500 രൂപ കൂലിയും വാടകയും വാങ്ങി മാലിന്യം എടുത്തത് എന്ന് സമ്മതിച്ചു.
7 കവറുകളിലായി കൊണ്ടുവന്നതിൽ 4 എണ്ണം മേൽപ്പാലത്തിന് താഴെ തള്ളിയതായും 3 എണ്ണം പെരിന്തൽമണ്ണയിൽ കൊണ്ടുപോയി ഇട്ടതായും ഇവർ പറഞ്ഞു. മാലിന്യങ്ങൾ അവർ തന്നെ നീക്കം ചെയ്യാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മെമ്പറുടെ കൂടെ മേൽപ്പാലത്തിന് താഴെ വന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ക്വാട്ടേഴ്‌സ് ഉടമയുടെ വീട്ടുവളപ്പിലേക്ക് മാലിന്യങ്ങൾ കൊണ്ടുപോയി. ജൈവ മാലിന്യങ്ങൾ തെങ്ങിന് ചുവടെ തടമെടുത്ത് കുഴിച്ചിടുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കഴുകി ചാക്കിലാക്കി കെട്ടിവെക്കുകയും പിന്നീട് ഹരിത കർമ സേനയെ ഏൽപ്പിക്കാനും തീരുമാനിച്ചു.
ചെയ്ത കുറ്റത്തിന് പിഴയായി 2000 രൂപയും ചുമത്തി. വാർഡിലെ പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം തന്നെ പഞ്ചായത്ത് ഭാരവാഹികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഉടൻ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും മെമ്പർ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിനും ശേഖരണത്തിലും തികഞ്ഞ അലംഭാവം തുടരുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായും, മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് കണ്ടെത്താൻ വാർഡിൽ നിരീക്ഷണ സമിതി രൂപീകരിക്കുമെന്നും വാർഡ് മെമ്പർ കെ.ടി. നാരായണൻ അറിയിച്ചു.