bus

മാഹി: സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത മാഹിയിൽ സർക്കാർ-സഹകരണ ബസുകൾ കട്ടപ്പുറത്ത്. ലോക്ക് ഡൗണിൽ ഓട്ടം നിറുത്തിയ ബസുകളാണ് ഇപ്പോഴും വിശ്രമിക്കുന്നത്. നാല് സർക്കാർ ബസുകളിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസം ഓട്ടം തുടങ്ങിയിട്ടുണ്ട്. മറ്റ് രണ്ട് ബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ്. മാഹിയിൽ നിന്നും നിത്യേന പുതുച്ചേരിയിലേക്കുള്ള സർക്കാർ ബസുകൾ ഇനിയും ഓട്ടം പുനരാരംഭിച്ചിട്ടില്ല. അതോടൊപ്പം മാഹിയിലെ നാല് സഹകരണ ബസുകളും കട്ടപ്പുറത്തായി.
പൊതുഗതാഗതം താറുമാറായതിനാൽ യാത്രാ ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പന്തക്കലിൽ നിന്ന് മാഹിയിലേക്ക് 10 രൂപ ബസ് ടിക്കറ്റിൽ എത്തേണ്ടിടത്ത് ഇപ്പോൾ 200 രൂപ ഓട്ടോ ചാർജ് നൽകേണ്ട അവസ്ഥയാണ്.
ബസ് തൊഴിലാളികളും കുടുംബവും ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലുമായി. കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയ 2020 മാർച്ച് 21 മുതൽ ഓട്ടം നിർത്തിയ മാഹി-പന്തക്കൽ റൂട്ടിലോടുന്ന മാഹി ട്രാൻസ്‌പോർട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല് ബസുകൾ ഒന്നര വർഷത്തോളമായി വെയിലും മഴയും കടൽക്കാറ്റുമേറ്റ് തുരുമ്പെടുക്കുകയാണ്.
ഈ ബസിലെ 20 ൽ പരം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഒന്നര വർഷത്തോളമായി കടുത്ത ദുരിതത്തിലാണ്. ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടം നിറുത്തിയ വിവരം അറിയിച്ച് മാഹി ഗതാഗത വകുപ്പിൽ കത്ത് നൽകിയെങ്കിലും, ഈ കാലത്തെ റോഡ് നികുതി ഒഴിവാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല 2021 മാർച്ച് മാസം വരെയുള്ള നികുതിയും അതിന്റെ പിഴയും സഹിതം ഒരു ലക്ഷത്തി മുപ്പത്തിയഞ്ചായിരത്തിൽപരം രൂപ സൊസൈറ്റിയെ കൊണ്ട് നിർബന്ധിച്ച് അടപ്പിക്കുകയാണ് ചെയ്തത്.

കേരളത്തിൽ സർക്കാർ ലോക്ക് ഡൗൺ കാലത്തെ റോഡ് നികുതി ഒഴിവാക്കിയപ്പോൾ മാഹിയിൽ പിഴ സഹിതം റോഡ് നികുതി നിർബന്ധിച്ച് അടപ്പിക്കുന്ന രീതിയാണ് ഗതാഗത വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന് വേണ്ടി പലപ്പോഴും സൗജന്യമായി ഓടുന്ന സഹകരണ ബസുകളെ ദ്രോഹിക്കുന്ന നടപടിയാണ് ഗതാഗത വകുപ്പ് കൈ കൊള്ളുന്നത്. അയൽപ്രദേശങ്ങളിൽ മിനിമം ചാർജ്ജ് 8 രൂപ വാങ്ങുമ്പോൾ മാഹിയിൽ ഇപ്പോഴും 7രൂപയാണ്.
പുതുച്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ യാത്ര ഇളവ് ഇല്ലെന്നിരിക്കെ, മാഹിയിൽ 3രൂപ നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചാണ് സർവീസ് നടത്തിയത്. ബസ് വ്യവസായത്തെ തകർത്ത് തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന അധികൃതരുടെ സമീപനത്തിനെതിരെ മാഹിയിൽ പ്രതിക്ഷേധം ശക്തമാവുകയാണ്.

പ്രശ്‌ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനശബ്ദം മാഹി ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. മാഹിയിലെ ബസ് സർവീസ് പൂർണ്ണമായും ആരംഭിക്കാനും, പുതുച്ചേരി ബസ് ഉടൻ സർവീസ് ആരംഭിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇ.കെ. റഫീഖ്, ടി.എം. സുധാകരൻ, ടി.എ. ലതീബ്, ദാസൻ കാണി, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. പുതുച്ചേരി ട്രാൻസ്‌പോർട്ട് മന്ത്രി, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.