solo

കൊല്ലം: ഓട്ടത്തിനിടെ ചാർജ്‌ തീർന്ന്‌ വഴിയിൽ പെട്ടുപോകുമെന്ന ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആശങ്ക ഇനി വേണ്ട്. സംസ്ഥാനത്തെ ആദ്യ സോളാർ ചാർജ്ജിംഗ് സ്‌റ്റേഷൻ കൊല്ലത്ത് നിർമ്മാണം പൂർത്തിയായി. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ തങ്കപ്പൻ സ്‌മാരക കോർപ്പറേഷൻ കെട്ടിടത്തിനോട്‌ ചേർന്ന പാർക്കിംഗ് സ്ഥലത്താണ് സ്‌റ്റേഷൻ സ്ഥാപിച്ചത്. ചാർജ്ജിംഗ് സ്‌റ്റേഷന്റെ മേൽക്കൂരയിൽ ആറ് കിലോ വാട്ടിന്റെ 18 സോളാർ പാനലുകൾ സ്ഥാപിച്ചാണ്‌ സൗരോർജ്ജം ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 25 യൂണിറ്റ് ഉൽപാദിപ്പിക്കുന്ന ഇവിടെനിന്ന്‌ കെ.എസ്‌.ഇ.ബിയുടെ ഗ്രിഡിലേക്ക്‌ വൈദ്യുതി കൈമാറുന്നതിനാൽ ഇരട്ടി വരുമാനവും ലഭിക്കും.


 ഒരേസമയം മൂന്ന് വാഹനങ്ങൾ

പരിസ്ഥിതി,​ കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ്‌ ചാർജിംഗ് സ്‌റ്റേഷൻ സജ്ജമാക്കിയത്‌. ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ സ്‌റ്റേഷനിൽ കെ.എസ്‌.ഇ.ബി വൈദ്യുതി ഉപയോഗിച്ച്‌ ചാർജ്ജ് ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്‌. 3.3 കിലോവാട്ട് വരെ പവർ കപ്പാസിറ്റിയുള്ള മൂന്ന് വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാം. സ്ലോ ചാർജ്ജ് സംവിധാനമാണ്. മൊബൈൽ ആപ്‌ വഴിയാണ് പ്രവർത്തനം. പണവും ഓൺലൈനായി അടയ്ക്കാം. ആപ്പിൽ കയറിയാൽ ലൊക്കേഷനും ലഭ്യമാകും. സൗരോർജ്ജത്തിൽ നിന്നുള്ള വൈദ്യുതിയായതിനാൽ നിരക്കും കുറയും.

 ഏഴ് യൂണിറ്റിൽ ഓട്ടോ ഫുള്ളാകും

പ്രകൃതി സൗഹൃദമെന്ന നിലയിൽ സർക്കാർ വായ്‌പയും സബ്സിഡിയും വിനിയോഗിച്ച്‌ ഇറക്കിയ നിരവധി ഇലക്‌ട്രിക് ആട്ടോകൾ ഉണ്ടെങ്കിലും പലതും ചാർജിംഗ് പോയിന്റുകൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഒരു ഓട്ടോ ഫുൾ ചാർജ്‌ ചെയ്യാൻ ഏഴ് യൂണിറ്റ് വൈദ്യുതി മതി. ഇതിൽ 80 - 130 കിലോമീറ്റർ വരെ ഓടും. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ഡോ. ആർ. ഷീബ, അസിസ്‌റ്റന്റ്‌ പ്രൊഫ. ഷെയ്ഖ് മുഹമ്മദ്, വിദ്യാർത്ഥികളായ വരുൺ എസ്. പ്രകാശ്, പി.അഭിരാജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌.