general

ബാലരാമപുരം: കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ കൃഷിത്തോട്ടങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ വെള്ളത്തിലായി. ബാലരാമപുരം കൃഷിഭവന് കീഴിൽ തലയൻ ഏലായിലെ കർഷകർക്കാണ് കൂടുതലും നാശനഷ്ടമുണ്ടായത്. ഇരുപത്തയ്യായിരത്തിൽപ്പരം വാഴകളാണ് ഈ ഭാഗത്ത് നശിച്ചത്. ഒപ്പം മരച്ചീനി,​ ചീര,​ പാവൽ, ​കോവയ്ക്ക,​വെള്ളരി എന്നിവയുമുണ്ട്. തലയൽ ഏലായിൽ ബണ്ട് തകർന്നതുമൂലം ലക്ഷങ്ങളുടെ കൃഷിനാശമാണ് കർഷകർക്കുണ്ടായത്. ബണ്ട് നവീകരണം അവതാളത്തിലായതോടെ കർഷകരുടെ കൃഷിയിടങ്ങളിലേക്ക് മഴവെള്ളം ഇരച്ചുകയറുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്തും ബണ്ട് തകർന്ന് തലയൽ ഏലായിൽ കൃഷിനാശം സംഭവിച്ചിരുന്നു. സ്വാശ്രയ കർഷകവിപണികളെയും ഹോർട്ടികോർപ്പ് വിപണനത്തേയും ഇത് സാരമായി ബാധിച്ചു. പച്ചക്കറി മാർക്കറ്റുകളിലും വില ഇരട്ടിയിലധികം കടന്നിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് കർഷകർക്ക് സമാശ്വാസം വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. മഴക്കെടുതിയിൽ നാശനഷ്ടം വിലയിരുത്താൻ ജില്ലാതലത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ച് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ആലപ്പുഴ,​ വയനാട്,​ഇടുക്കി,​ കാസർകോട് ജില്ലകളിലാണ് ഇത്തരത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ച് കർഷകരുടെ നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം വേഗത്തിൽ നൽകിവരുന്നത്. ബണ്ടുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിഭവനിലും ത്രിതല പഞ്ചായത്ത് അധികൃതർക്കും കർഷകർ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.

** കർഷകർ ദുരിതത്തിൽ

കർഷകരുടെ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി ഹോർട്ടികോർപ്പ് വഴി വിപണനം നടത്തുന്ന വി.എഫ്.പി.സി.കെയും കർഷകർക്ക് മുന്നിൽ കണ്ണടയ്ക്കുകയാണ്. മിക്കയിടങ്ങളിലും സ്വാശ്രയകർഷക വിപണികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തലയൽ ഏലായിൽ മഴക്കെടുതി ഉണ്ടായിട്ടും കർഷകർക്ക് നേരിട്ട നാശനഷ്ടത്തിന്റെ വിവരശേഖരണം പോലും കൃഷിഭവൻ പൂർത്തീകരിച്ചിട്ടില്ലെന്നാണ് പരാതി.

നാശനഷ്ടം നേരിട്ട കർഷകർ:

**തലയൽ സ്വദേശി തുളസീധരൻ നായരുടെ എട്ടേക്കർ കൃഷിയിടത്തിൽ..... 2000 വാഴത്തൈകൾ

** തലയൽ കൈലാസത്തിൽ പി.ആർ. അനിൽകുമാറിന്റെ ആറേക്കർ കൃഷിയിടത്തിൽ..2000 വാഴത്തൈകൾ,​ 600 കുലച്ചവാഴകൾ

** തലയൽ ഏലായിൽ കുമാറിന്റെ.......3000 വാഴകൾ,​

**തേമ്പാമുട്ടം മുണ്ടുകോണം സ്വദേശി രവി........... 1000 മൂട് വാഴകൾ

** മുണ്ടുകോണത്ത് സത്യൻ.....1000 വാഴകൾ

**റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ​ പാറക്കുഴിയിൽ സുദർശൻ.....2000 മൂട് വാഴകൾ

**തലയൽ ഏലായിൽ പള്ളിച്ചൽ സ്വദേശി സത്യന്റെ ഒന്നര ഏക്കറിലെ......ചീര,​ പയർ,​ പാവൽ

**ആലുവിള സ്വദേശി വിജയന്റെ ഒരേക്കറിലെ ...... പടവലം,​ കോവയ്ക്ക,​ വെള്ളരി

**തേമ്പാമുട്ടം തീയ്യന്നൂർക്കോണത്ത് മോഹനന്റെ ഒരേക്കറിൽ ......... വെള്ളരി,​ ചീര

**തേമ്പാമുട്ടത്ത് സജുവിന്റെ ഒരേക്കറിലെ .....ചീരക്കൃഷി

***ഇൻഷ്വർ ചെയ്ത കുലച്ച വാഴകൾക്ക് 300 രൂപയാണ് കൃഷിഭവൻ നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ അടുത്തിടെ ഇൻഷ്വർ ചെയ്യാതെ നട്ടുവളർത്തിയ ആയിരക്കണക്കിന് തൈവാഴകളും മഴക്കെടുതിയിൽ നശിച്ചുപോയെന്നും കർഷകർ പറയുന്നു. വ്യക്തിഗത പരാതികൾ കൃഷിഭവനിൽ കിട്ടിയിട്ടുണ്ടെന്നും തലയൽ ഏലായിലുണ്ടായ മൊത്തം കൃഷിനാശത്തിന്റെ കണക്കുകൾ ശേഖരിച്ച് വരുന്നതേയുള്ളൂ എന്നാണ് കൃഷിഭവൻ അറിയിച്ചത്.