നെയ്യാറ്റിൻകര: അരുവിപ്പുറം - പാഞ്ചിക്കാട് റോഡിന്റെ പാർശ്വഭിത്തി നെയ്യാറിലേയ്ക്ക് ഇടിഞ്ഞുതാഴ്ന്ന് തകർന്ന കുടിവെള്ള പൈപ്പ് ലൈനിൽ അടിയന്തിര അറ്രകുറ്റപ്പണികൾ ആരംഭിച്ചു. നെയ്യാറിലെ ജലനിരപ്പ് ഉയർന്ന് തന്നെ തുടരുന്നതിനാൽ താത്കാലിക സംവിധാനത്തിൽ കുടിവെളളം വിതരണം പുനഃസ്ഥാപിക്കാനാണ് ജലഅതോറിട്ടിയുടെ തീരുമാനം. നെയ്യാറിലെ ജലത്തിന്റെതോത് അനുസരിച്ച് റോഡിന്റെ വശങ്ങൾ വീണ്ടും ഇടിയാൻ സാദ്ധ്യതയുളളതിനാലും റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുമായതാണ് ഇതിന് കാരണം. റോഡ് പൂർണമായും നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയാൽ മാത്രമേ പൂർണമായ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകൂവെന്നാണ് അധികൃതരുടെ അഭിപ്രായം. നിലവിൽ റോഡ് നടുവിലൂടെ പൊട്ടിയ പൈപ്പ് ലൈനിന്റെ ഉപയോഗയോഗ്യമായ ഭാഗം മുറിച്ച് റോഡിന്റെ മറുവശത്തെ കരയിലെത്തിച്ച് പൂർണമായും പുതിയ പൈപ്പ് ലൈനുകൾ ഘടിപ്പിച്ചാണ് നിർമ്മാണം നടക്കുന്നത്. നെയ്യാറിലെ വെളളത്തിന്റെ തോത് നിലവിൽ പൈപ്പ് ലൈനിനെ ബാധിക്കാത്ത തരത്തിൽ പൈപ്പിന്റെ കൂട്ടിയോജിപ്പിക്കൽ വരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് സുരക്ഷിതമായ രീതിയിലാണ് പണി ചെയ്യുന്നത്. കാളിപ്പാറ -അരുവിപ്പുറം കൊടിതൂക്കിമല ശുദ്ധജലപദ്ധതി പ്രദേശങ്ങളായ കൊല്ലവംവിള, മാരായമുട്ടം,ചായ്ക്കോട്ടുകോണം, അമ്പലം, ഓംമലയിൽക്കട തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം വിതരണം മുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുളളിൽ പണി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാണ് നീക്കമെന്ന് വാട്ടർ അതോറിട്ടി അസി. എക്സി. എൻജിനിയർ ഗംഗാധരൻ അറിയിച്ചു.