ചിറയിൻകീഴ്: ദേശീയ പാതയിൽ ആശാൻ സ്മാരകത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്ന ശാസ്തവട്ടം റോഡിന്റെ വശങ്ങൾ നിറയെ മാലിന്യങ്ങളാണ്. കോഴിഫോമുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുകയാണ്. രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ ദിനവും വാഹനങ്ങളിൽ ആളുകളെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പല സ്ഥലങ്ങളും ഇത്തരത്തിൽ മാലിന്യക്കൂമ്പാരംകൊണ്ട് നിറഞ്ഞു. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിന്റെ ഒരു വശത്ത് കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും ഇത് വഴി പോകുന്നുണ്ട്. കാലവർഷം കൂടി ശക്തമാകുമ്പോൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കൂടുതൽ ദുരിതപൂർണ്ണമാകുമെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ മഴവെളളവുമായി കലർന്ന് പകർച്ചവ്യാധികൾ പിടിപെടാനും സാദ്ധ്യതയുണ്ട്. അടിയന്തരമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്ത് ഇവിടത്തെ മാലിന്യ നിക്ഷേപം തടയണമെന്നുമാണ് ഇതുവഴിയുളള യാത്രക്കാരുടെയും സമീപ വാസികളുടെയും ആവശ്യം.
മാലിന്യക്കൂമ്പാരം കാരണം ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിക്കുകയാണ്. മാലിന്യങ്ങൾ അടങ്ങിയ കവറുകളും ചാക്കുകളും തെരുവ് നായ്ക്കൾ കടിച്ചുകീറി മാലിന്യങ്ങൾ റോഡരികിൽ ചിതറിക്കിടക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ബൈക്ക് യാത്രക്കാർക്ക് മാലിന്യ അവശിഷ്ടങ്ങൾ തേടി എത്തുന്ന നായ്ക്കൾ വൻ അപകട ഭീക്ഷണിയാണ് ഉയർത്തുന്നത്. മാലിന്യ അവശിഷ്ടങ്ങൾക്ക് വേണ്ടിയുളള കടിപിടി കൂടലും ഒരു മാലിന്യ അവശിഷ്ടത്തിന് വേണ്ടി ഒന്നിന് പിറികെ ഒന്നായി തെരുവ് നായ്ക്കൾ കുതിക്കുന്നതുമെല്ലാം ഇവിടെ പലപ്പോഴും ബൈക്ക് അപകടങ്ങളിലാണ് കലാശിക്കുന്നത്.