urinary-infection

മുതിർന്ന സ്‌ത്രീകളിൽ അമ്പത് ശതമാനം പേർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും മൂത്രരോഗാണുബാധ ഉണ്ടായിരിക്കും. വൃക്കയെ ബാധിക്കുന്ന മൂത്രരോഗാണുബാധ കാരണം നടുവേദന, പനി, വിറയൽ, മുതലായവ ഉണ്ടാകുന്നു. മൂത്രാശയത്തിലെ രോഗാണുബാധ കാരണം മൂത്രമൊഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക മുതലായ ലക്ഷണങ്ങൾ ഉണ്ടാകും. മൂത്രത്തിന്റെ മൈക്രോസ്‌കോപ്പി പരിശോധനയിൽ പഴുപ്പ് 10/എച്ച് .പി.എഫ് ഉണ്ടായിരിക്കും. മൂത്രത്തിന്റെ കൾച്ചർ ചെയ്യുമ്പോൾ അതിലും എത്രയോ അധികമായിരിക്കും.

മലാശയത്തിലെ ബാക്ടീരിയയാണ് സാധാരണ മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. ഇ കോളി ആണ് ഏറ്റവും കൂടുതലായി മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. പ്രോടിയസ്, ക്ളെബ്സിയല്ല, സ്യൂഡോ മോണാസ് മുതലായ ബാക്ടീരിയകളും മൂത്രരോഗാണുബാധ ഉണ്ടാക്കുന്നുണ്ട്. സ്‌ത്രീകളിലെ മൂത്രനാളം പുരുഷന്മാരെ അപേക്ഷിച്ച് നീളം കുറവായതിനാൽ സ്‌ത്രീകളിൽ മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നു. സ്‌ത്രീകളിൽ യോനിയുടെ ആവരണങ്ങളിൽ രൂപപ്പെടുന്ന ബാക്ടീരിയൽ കോളനികളാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. ആവരണങ്ങളിൽ ഒട്ടിപ്പിടിക്കാനുള്ള ബാക്ടീരിയയുടെ കഴിവ്, യോനീസ്രവങ്ങൾ, പി.എച്ച്, ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിദ്ധ്യം മുതലായവ മൂത്രരോഗാണുബാധയുടെ സാദ്ധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

ലൈംഗികബന്ധം, ഗർഭനിരോധന ഉപാധികൾ മുതലായവ മൂത്രരോഗാണുബാധ വർദ്ധിപ്പിക്കുന്നു. പ്രമേഹം, വയസാകുമ്പോൾ ജനനേന്ദ്രിയങ്ങളിലെ വ്യതിയാനങ്ങൾ മുതലായവ മൂത്രരോഗാണുബാധ കൂട്ടുന്നു.

സ്ത്രീകളിൽ സാധാരണയായി ഉണ്ടാകുന്ന മൂത്രരോഗാണുബാധയ്ക്ക് ദീർഘമായ പരിശോധനകൾ നടത്തേണ്ടതില്ല. മൂത്രത്തിന്റെ മൈക്രോസ്‌കോപ്പി, കൾചർ മുതലായവ മൂത്രരോഗാണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയയെ തിരിച്ചറിയാൻ സഹായിക്കുന്നു.

ബാല്യകാലത്തെ മൂത്രരോഗാണുബാധ, മൂത്രവ്യവസ്ഥയിൽ ചെയ്ത ശസ്ത്രക്രിയകൾ, മൂത്രക്കല്ല്, പ്രമേഹം മുതലായ കാര്യങ്ങളുള്ള സ്‌ത്രീകൾക്ക് വിശദമായ പരിശോധന വേണ്ടതാണ്. മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, സിസ്റ്റോസ്കോപ്പി മുതലായ പരിശോധനകളും ആവശ്യം ചെയ്യണം.

മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത, മൂത്രരോഗാണുബാധയുള്ള സ്ത്രീകൾക്ക് മൂന്നുദിവസത്തെ ആന്റിബാക്ടീരിയൽ മരുന്നുകൾ മതിയാകും. ചികിത്സയ്ക്കു ശേഷം നിലനിൽക്കുന്ന മൂത്രരോഗാണുബാധ 7മുതൽ 10 ദിവസത്തെ ആന്റിബാക്ടീരിയൽ ചികിത്സ വേണ്ടിവരും. മൂത്രത്തിന്റെ കൾച്ചർ വഴി മൂത്രരോഗാണുബാധയുടെ സാന്നിദ്ധ്യം തിരിച്ചറിയണം. മൂത്രരോഗാണുബാധയുടെ സ്വഭാവം തിരിച്ചറിയാനും ചികിത്സയ്ക്കും ഇത് ആവശ്യമാണ്.

മൂത്രരോഗാണുബാധയുടെ പ്രതിരോധം പ്രാധാന്യമർഹിക്കുന്നു. മൂത്രം കെട്ടിനിൽക്കാതെ ഒഴിച്ചുകളയുക, ലൈംഗികബന്ധത്തിനു മുമ്പും ശേഷവും മൂത്രം ഒഴിച്ചുകളയുക, മലശോധനയ്ക്കു ശേഷം പിറകോട്ട് കഴുകി വൃത്തിയാക്കുക മുതലായ കാര്യങ്ങൾ മൂത്രരോഗാണുബാധയുടെ പ്രതിരോധത്തിന് സഹായകരമാണ്. ക്രാൻബറി പഴങ്ങളുടെ സത്ത്, ഈസ്ട്രജൻ ക്രീമുകൾ, ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഒറ്റ ഡോസ് ആന്റി ബാക്ടീരിയൽ മരുന്നുകൾ മുതലായവയും പ്രതിരോധത്തിന് സഹായിക്കും. ഗർഭിണികൾ, പ്രായമായ സ്‌ത്രീകൾ മുതലായവരിൽ ഉണ്ടാകുന്ന മൂത്രരോഗാണുബാധ ചെറിയ ഡോസ് ആന്റി ബാക്ടീരിയൽ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാം.