ബാലരാമപുരം: തമിഴ്നാട് മെർക്കന്റെയിൽ ബാങ്ക് അധികൃതരും റിയൽ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള അവിഹിത ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും വായ്പാതുക തിരികെ അടച്ചവർക്ക് രേഖകൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ബാലരാമപുരത്ത് വ്യാപാരി വ്യവസായി സമിതി ധർണ നടത്തി. ബാങ്കിന്റെ കൊടിനട കോട്ടുകാൽ ശാഖയ്ക്കു മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി എം. ബാബുജാൻ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി അംഗമായ ഷെയ്ക്ക് മൊഹ്‌യിദ്ദീനാണ് വായ്പയെടുത്ത തുക ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം തിരികെ അടച്ചിട്ടും ബാങ്ക് ഈടായി വാങ്ങിയ വീടിന്റെയും വസ്തുവിന്റെയും പ്രമാണം തിരികെ ലഭിക്കാത്തത്.
ഇതോടെയാണ് നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറും സമിതി നേതാക്കളും ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് വ്യാഴാഴ്ച രേഖകൾ തിരികെ നൽകാമെന്ന് അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ ട്രഷറർ പി.എൻ. മധു, വൈസ് പ്രസിഡന്റ് അഡ്വ. ആദർശ് ചന്ദ്രൻ, നേതാക്കളായ വി. ബിന്ദു, നേമം ഉണ്ണി, എസ്.കെ. സുരേഷ് ചന്ദ്രൻ, എസ്.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.